അക്കരെ ഭായീ ഭായി, ഇക്കരെ ജഗഡാ ജഗഡാ
text_fieldsഎരുമാട് (തമിഴ്നാട്): കേരളത്തിന്റെ അതിർത്തിപ്രദേശമായ എരുമാട് തമിഴ്നാട്ടിലാണ്. സുൽത്താൻ ബത്തേരിക്കടുത്ത ചുള്ളിയോട് താളൂരിൽ നിന്ന് കാലെടുത്തുവെച്ചാൽ ഇവിടെയെത്തും. ഒരു പാലത്തിനപ്പുറം തമിഴ്നാടും ഇപ്പുറം കേരളവും. മലയാളികൾ തിങ്ങിപ്പാർക്കുന്ന എരുമാട് അടക്കം വിവിധ സ്ഥലങ്ങൾ തമിഴ്നാട്ടിലെ നീലഗിരി മണ്ഡലത്തിലാണ്. ഇവിടെ സി.പി.എമ്മും സി.പി.ഐയും ലീഗും കോൺഗ്രസുമൊക്കെ ഇൻഡ്യ മുന്നണിക്കായി ഒന്നിച്ചാണ് മത്സരം.
പക്ഷേ, ഇവിടത്തുകാർ രണ്ടുമൂന്ന് കാലടിവെച്ച് കേരളത്തിലെ താളൂരിൽ എത്തിയാൽ കഥയാകെ മാറി. ഇപ്പുറം വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ നേർക്കുനേരെ എതിരിടുന്നത് ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.ഐയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയാണ്.
വയനാട് ജില്ലയുടെ അതിർത്തിപ്രദേശങ്ങളാണ് ചേരമ്പാടി, പന്തല്ലൂർ, എരുമാട്, അയ്യൻകൊല്ലി, ഗൂഡല്ലൂർ, ബിദർക്കാട്, പാട്ടവയൽ, ദേവർഷോല, നെല്ലാക്കോട്ട, ദേവാല, ഓവലി, എല്ലമല, സീപ്രം എന്നീ മേഖലകൾ. തമിഴ്നാടിന്റെ ഭാഗമാണെങ്കിലും ലക്ഷക്കണക്കിന് മലയാളി വോട്ടർമാരുണ്ടിവിടെ. ഇവർ ദിനേനയെന്നോണം വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവരാണ്.
ഡി.എം.കെയുടെ സിറ്റിങ് എം.പി എ. രാജയാണ് ഉദയസൂര്യൻ ചിഹ്നത്തിൽ ഇത്തവണയും നീലഗിരിയിൽ മത്സരിക്കുന്നത്. ഇവിടെ കേരളത്തിലേതുപോലെ പാർട്ടികളുടെ ബാനറുകളും ചുവരെഴുത്തുകളും തീരെ കാണാനില്ല.
പക്ഷേ, രാജയുടെ പ്രചാരണ പരിപാടികളിൽ സി.പി.എം, കോൺഗ്രസ്, ഡി.എം.കെ, മുസ്ലിംലീഗ് കൊടികളുമായാണ് അണികൾ പങ്കെടുക്കുന്നത്. പ്രചാരണ നോട്ടീസുകളിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രാഹുൽ ഗാന്ധിക്കുമൊപ്പം സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്.
മാനന്തവാടി മേഖലയിലാണെങ്കിൽ കേരളത്തിലെ ബാവലി കഴിഞ്ഞാൽ കർണാടകയിലെ ബൈരക്കുപ്പ, മച്ചൂര്, വണ്ടിക്കടവ്, തോണിക്കടവ് സ്ഥലങ്ങളിൽ ആയിരക്കണക്കിന് മലയാളികളുണ്ട്. ചാമരാജ്നഗർ മണ്ഡലത്തിന് കീഴിലാണ് ഇവ. ബി.ജെ.പിക്കായി എസ്. ബാലരാജും കോൺഗ്രസിനായി ഇൻഡ്യ മുന്നണിയുടെ സുനിൽബോസുമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.