ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച 7143 കോടി വിനിയോഗിച്ചില്ലെന്ന് കണക്കുകൾ
text_fieldsന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 2021-22 അധ്യയന വർഷം അനുവദിച്ച തുകയിൽ 7143.29 കോടി വിനിയോഗിച്ചില്ലെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷമായി വിവിധ കേന്ദ്ര സർവകലാശാലകൾക്കും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ച തുകകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് വ്യാഴാഴ്ച രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി അനുവദിച്ച തുകയിൽനിന്ന് ചെലവഴിച്ചതും ചെലവഴിക്കാത്തതുമായ തുകയുടെ വിശദാംശങ്ങൾ നൽകാനും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ, സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയ വിദ്യാഭ്യാസ സ്ഥാപനത്തിനങ്ങൾക്കായി അനുവദിച്ചതും വിനിയോഗിച്ചതുമായ തുകയുടെ വിവരങ്ങൾ നൽകി. കഴിഞ്ഞ അഞ്ച് വർഷമായി ചെലവഴിക്കാത്ത തുകയുടെ വിശദാംശങ്ങളും ഇതിലൂടെ വെളിപ്പെട്ടു.
കേന്ദ്ര സർവകലാശാലകളും കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അധ്യയന വർഷം മാത്രം അനുവദിച്ച തുകയായ 22,726 കോടിയിൽ നിന്ന് 7143.29 കോടി രൂപ വിയോഗിക്കാതെ പോയി എന്ന് സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ധനസഹായമുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടർച്ചയായ അഞ്ച് വർഷമായി ശരാശരി 1700 കോടി രൂപ ചെലവഴിക്കാൻ സാധിച്ചിട്ടില്ല എന്നും ഡാറ്റ വെളിപ്പെടുത്തുന്നു. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെലവഴിക്കപ്പെടാത്ത ഈ ഭീമമായ തുക നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ദയനീയാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വഹാബ് എം.പി അഭിപ്രായപ്പെട്ടു.
മഹാമാരിയുടെ കാലത്ത് വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കോളർഷിപ്പ് ലഭിക്കാതെയും താഴെത്തട്ടിലുള്ള തൊഴിലാളികൾക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ വിൻയോഗിക്കാതെ കിടക്കുന്ന ഈ ഭീമൻ തുക നമ്മുടെ രാജ്യത്തെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സർക്കാറിന്‍റെയും അധികൃതരുടെയും നിസ്സംഗ മനോഭാവവും പ്രതിബദ്ധതയില്ലായ്മയും വെളിപ്പെടുത്തുന്നുവെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.