ആറുവിദ്യാർഥികൾ മരിച്ച കാറപകടത്തിനു പിന്നിൽ മദ്യലഹരിയെന്നു സൂചന
text_fieldsഡെറാഡൂൺ (ഉത്തരാഖണ്ഡ്): കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആറു കോളജ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാറപകടം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്നെന്ന് സംശയം. യാത്രപുറപ്പെടുന്നതിനു മുമ്പ് വിദ്യാർഥികൾ മദ്യപിക്കുന്ന വിഡിയോ പുറത്തുവന്നു.
അമിതവേഗതയിൽ ഓടിച്ച കാർ ട്രക്കിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണാതീതമായ വേഗത്തിലാണ് വിദ്യാർഥികൾ കാറോടിച്ചതെന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആറു വിദ്യാർഥികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടിയുടെ ശക്തി വളരെ കഠിനമായിരുന്നു. കാർ പൂർണമായും തകർന്നു.
ഇന്ത്യ ടുഡേ ടി.വി പുറത്തുവിട്ട വിഡിയോയിൽ ഒരു കൂട്ടം യുവാക്കളും യുവതികളും സംഗീതത്തിന്റെ അകമ്പടിയോടെ മദ്യം പകരുന്നതും കുടിക്കുന്നതും കാണിക്കുന്നു.
എന്നാൽ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിച്ചിട്ടില്ല. ഡെറാഡൂണിലെ ഒ.എൻ.ജി.സി ചൗക്കിൽ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം സംഭവിച്ചത്.
ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ 25കാരനെ ഗുരുതരമായ പരിക്കുകളോടെ സിനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏത് സ്ഥാപനത്തിലാണ് വിദ്യാർഥികൾ പഠിച്ചതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.