‘ഇത് മഴക്കാലമാണ്’; 17 ദിവസത്തിനിടെ 12 പാലങ്ങൾ തകർന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി
text_fieldsപട്ന: കഴിഞ്ഞ 17 ദിവസത്തിനിടെ 12 പാലങ്ങൾ തകർന്നുവീണതോടെ ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്. നിർമാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് തകർച്ചക്ക് കാരണമെന്ന ആക്ഷേപമുയരുമ്പോൾ മഴയാണ് കാരണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഹാറുകാരനായ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി.
‘ഇത് വർഷകാലമാണ്. അസാധാരണ തോതിൽ മഴ പെയ്തതാണ് പാലങ്ങൾ തകരാൻ കാരണം’ -എന്നിങ്ങനെയായിരുന്നു ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചിയുടെ പ്രതികരണം. അന്വേഷണത്തിൽ സംസ്ഥാന മുഖ്യമന്ത്രി അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അശ്രദ്ധ കാണിച്ചാൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചംബാരൻ, കിഷൻഗഞ്ച് ജില്ലകളിലാണ് പാലങ്ങൾ തകർന്നുവീണത്. ഇതോടെ പഴയ പാലങ്ങളെല്ലാം പരിശോധിക്കാനും അടിയന്തര അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ വകുപ്പിനോടും റൂറൽ വർക്സ് വിഭാഗത്തോടും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ബിഹാറിലെ അപകടാവസ്ഥയിലുള്ള പാലങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയെത്തിയിട്ടുണ്ട്. അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.