ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൻ കഴിയില്ല; ഡൽഹി ആശുപത്രികളിൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികളിൽ ഇനി മുതൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്. ആശുപത്രി ജീവനക്കാർ പണം വാങ്ങി ക്യൂ നിൽക്കാത്ത രോഗികളെ കടത്തിവിടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഭാവിയിൽ ഇത്തരം പരാതികൾ ഉയർന്നാൽ ആശുപത്രി മാനേജ്‌മെന്റിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഡോ. ഹെഡ്‌ഗേവാർ ആരോഗ്യ സൻസ്ഥാനിൽ ശുചീകരണത്തൊഴിലാളി ജനങ്ങളിൽ നിന്ന് പണം വാങ്ങുകയും ക്യൂ പാലിക്കാതെ രോഗികളെ ഡോക്ടർമാരുടെ അടുത്തേക്ക് നേരിട്ട് കടത്തിവിടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഭരദ്വാജിന് പരാതി ലഭിച്ചിരുന്നു.
കിഴക്കൻ ഡൽഹിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലും ഡോ. ഹെഡ്‌ഗേവാർ ആരോഗ്യ സൻസ്ഥാനിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തി. ലാൽ ബഹാദൂർ ശാസ്ത്രി ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ, ചില രോഗികളിൽ നിന്ന് പരാതി ലഭിച്ചതായി ഭരദ്വാജ് പറഞ്ഞു. പ്രത്യേക ഉദ്യോഗസ്ഥരുടെ പേരിൽ ആശുപത്രി ജീവനക്കാർ ഡോക്ടർമാരുമായി കൂടിയാലോചന നടത്തുമ്പോൾ ക്യൂ മറികടന്ന് പോവുകയാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ രീതി ക്യൂവിൽ നിൽക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊതുജനങ്ങളെപ്പോലെ ആശുപത്രി ജീവനക്കാരും ഡോക്ടറെ കാണുന്നതിനായി വരിയിൽ കാത്തിരിക്കണം.
ആശുപത്രി ജീവനക്കാരുടെ പേരിൽ ആർക്കും വി.ഐ.പി പരിഗണന നൽകില്ലെന്ന് ആശുപത്രി ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം പരാതികൾ ഉയർന്നാൽ ആശുപത്രി മാനേജ്‌മെന്റിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.