രാഹുലിനെ ബി.ജെ.പി എത്രത്തോളം ഭയക്കുന്നുവെന്ന് ഇപ്പോൾ വ്യക്തം -സ്റ്റാലിൻ
text_fieldsചെന്നൈ: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. രാഹുലിനെ ബി.ജെ.പി എത്രത്തോളം ഭയക്കുന്നുവെന്ന് ഇപ്പോൾ വ്യക്തമാണെന്ന് പറഞ്ഞ സ്റ്റാലിൻ, ഭാരത് ജോഡോ യാത്ര ജനങ്ങൾക്കിടയിലുണ്ടാക്കിയ സ്വാധീനവും നടപടിക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി.
രാഹുൽ പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇതുവരെയും ഒരു ബി.ജെ.പി നേതാവും തയാറായിട്ടില്ല. രാഹുൽ വീണ്ടും പാർലമെന്‍റിലേക്ക് വരുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭയമാണവർക്ക്. ഈ നടപടിയിലൂടെ ബി.ജെ.പിക്ക് ജനാധിപത്യം എന്ന വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ലാതായി. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ചോദ്യമുയർത്തിയയാളെ അയോഗ്യനാക്കുന്നത് ഭീരുത്വമാണ്. ലോക്സഭാംഗത്വം റദ്ദാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യയുടെ യുവനേതാവായ രാഹുലിനെതിരായ നടപടിയിൽ ഭീഷണിയുടെ സ്വരമുണ്ട്. കേസിൽ അപ്പീൽ നൽകാൻ രാഹുൽ ഗാന്ധിക്ക് 30 ദിവസത്തെ സമയം അനുവദിച്ചതാണ്. അതിനുള്ളിൽ ധൃതിപിടിച്ച് എം.പി പദവിക്ക് അയോഗ്യത കൽപിക്കുന്നത് ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണ്. ശിക്ഷിക്കപ്പെടുന്ന ഏതൊരാളുടെയും മൗലികാവകാശമാണ് അപ്പീൽ. ജില്ല കോടതി വിധി പറഞ്ഞ് തൊട്ടടുത്ത ദിവസം എം.പിയെ അയോഗ്യനാക്കുന്നത് അപലപനീയമാണ്. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.