ക്രൈസ്തവർക്കെതിരെ അതിക്രമം വർധിക്കുന്നെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതായി യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) റിപ്പോർട്ട്. 2014 മുതൽ വർഷംതോറും ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 2014ൽ 127 പരാതികളാണ് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യു.സി.എഫ് ഹെൽപ് ലൈനിൽ ലഭിച്ചത്.
എന്നാൽ, 2024ൽ നവംബർ വരെ മാത്രം 745 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മണിപ്പൂർ അതിക്രമങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യു.സി.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മണിപ്പൂരിൽ ഒരുവർഷത്തിനിടെ 200ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. ബംഗ്ലാദേശിൽ ന്യൂനപക്ഷം അതിക്രമങ്ങൾക്ക് ഇരയായപ്പോൾ വിദേശ കാര്യ സെക്രട്ടറിയെ ചർച്ചക്കയച്ച മോദി സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾക്കുനേരെ കണ്ണടക്കരുത്.
വിഷയം പഠിക്കാൻ സെക്രട്ടറി തല സമിതി രൂപവത്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) റിപ്പോർട്ട് അനുസരിച്ച് പ്രാദേശിക തലത്തിൽ ക്രൈസ്തവർക്ക് നേരെയുണ്ടാവുന്ന ഭൂരിഭാഗം ആക്രമണങ്ങളിലും പൊലീസ് ആക്രമികൾക്കൊപ്പം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങളും കവർന്നെടുക്കപ്പെടുകയാണ്.
രാജ്യത്ത് തുച്ഛമായ ക്രൈസ്തവ സമൂഹത്തിന് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കായുള്ള സംവരണം നിർത്തലാക്കി. ദേശീയ ന്യൂനപക്ഷ കമീഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷനിലും കഴിഞ്ഞ അഞ്ചുവർഷമായി ക്രൈസ്തവ വിഭാഗത്തിന് പ്രതിനിധിയില്ല. സംസ്ഥാന ന്യൂനപക്ഷ കമീഷനുകളിലും ക്രൈസ്തവ പ്രതിനിധികളുടെ ഒഴിവ് യഥാസമയം നികത്തപ്പെടുന്നില്ല. രാജ്യത്ത് ക്രൈസ്തവർക്കെതിരായ സംഘടിത ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി 2022ൽ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഇതുവരെ ഹിയറിങ് ഉണ്ടായിട്ടില്ല.
രാജ്യത്ത് 12 സംസ്ഥാനങ്ങൾ രാഷ്ട്രീയ പ്രേരിതമായ മതപരിവർത്തന നിരോധന നിയമം ആവിഷ്കരിച്ചിട്ടുണ്ട്. യു.എ.പി.എക്ക് സമാനമായ നടപടികൾ ഉൾപ്പെടുത്തി യു.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിബിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പൗരന്മാർക്ക് നീതിയുറപ്പാക്കാൻ ഗവൺമെന്റ് ക്രിയാത്മകമായി ഇടപെടണമെന്നും സംഘടന വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.