‘ഡിജിറ്റൽ അറസ്റ്റി’ൽ ഒരു ഇ.ഡി കേസ് കൂടി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം
text_fieldsന്യൂഡൽഹി: ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇ.ഡി) പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഒക്ടോബർ 10ന് തയാറാക്കിയ കുറ്റപത്രത്തിൽ പേരുള്ള എട്ടുപേരെ അറസ്റ്റ് ചെയ്തശേഷമാണ് ശനിയാഴ്ച പുതിയ കേസെടുത്തത്. അതിനിടെ ഡിജിറ്റൽ അറസ്റ്റുകളിൽ വീഴരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെൻറർ ഈ തട്ടിപ്പുകൾ ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ 1930ൽ വിളിച്ചോ www.cybercrime.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്തോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഡിജിറ്റൽ അറസ്റ്റുകൾ വഴി രാജ്യത്തുടനീളം ഇരകളിൽനിന്ന് 159 കോടി തട്ടിയെടുത്തതായാണ് വിവരം. വിവിധ ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് നൂറുകണക്കിന് സിം കാർഡുകൾ നേടിയ പ്രതികൾ തട്ടിപ്പിനായി ഇതേ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വാട്സ്ആപ് അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ചരൺ രാജ് സി, എസ്.കെ. കിരൺ, ഷാഹികുമാർ എം, എം. സച്ചിൻ, തമിഴരശൻ, ആർ. പ്രകാശ്, ആർ. അജിത്, അരവിന്ദൻ എന്നിവർ തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം വഴിമാറ്റാൻ ഇവർ തമിഴ്നാടും കർണാടകയുമടക്കം സംസ്ഥാനങ്ങളിലായി 24 ഷെൽ കമ്പനികൾ ഉപയോഗപ്പെടുത്തിയിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. എല്ലാ പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്.
ഈ ഷെൽ കമ്പനികൾ രജിസ്ട്രേഷനായി നൽകിയ ബാങ്ക് അക്കൗണ്ടുകൾപോലും വ്യാജമാണ്. ഡിജിറ്റൽ അറസ്റ്റിന് പുറമെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം സംബന്ധിച്ച് ഉപദേശം നൽകിയും വിവിധ സമൂഹമാധ്യമങ്ങളിൽനിന്ന് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ അക്കൗണ്ടുകളിൽ എത്തിക്കുന്ന പണം വൈകാതെതന്നെ ക്രിപ്റ്റോ കറൻസിയാക്കി മാറ്റുന്ന പ്രതികൾ അത് വിദേശത്തേക്ക് കടത്തിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതികൾ ഇരകളെ കണ്ടെത്തിരുന്നതെന്നും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.