സംഭലിലെ അക്രമം വേദനാജനകം, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വം -കാന്തപുരം
text_fieldsമഡ്ഗാവ് (ഗോവ): രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ അപലപനീയമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ഗോവയിലെ മഡ്ഗാവിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
"മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം യു.പിയിലെ സംഭലിൽ നടന്ന അക്രമം വേദനാജനകമാണ്. ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും ജുഡീഷ്യറിയുടെയും ഉത്തരവാദിത്വമാണ്" അദ്ദേഹം പറഞ്ഞു. അജ്മീർ ദർഗയെ മുൻനിർത്തിയുള്ള വിവാദങ്ങൾ ആരാധനാലയ നിയമം നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്തുത ഹരജിയെ സ്റ്റേ ചെയ്ത കോടതിവിധി സ്വാഗതാർഹമാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
സമാപന സംഗമത്തിൽ ശൈഖ് സലാഹുദ്ദീൻ സാമുറായ് ബഗ്ദാദ് ശരീഫ്, മന്നാൻ റസാഖാൻ, അല്ലാമ സഈദ് അഷ്റഫി രാജസ്ഥാൻ, സയ്യിദ് ജാമി അഷറഫ് അൽ ജീലാനി, മുഫ്തി മുഹമ്മദ് മൻസൂർ അലി, നൗഷാദ് മിസ്ബാഹി ഒഡീഷ, ഷൗക്കത്ത് നഈമി അൽബുഖാരി കശ്മീർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു.
ഗോവയിലെ മഡ്ഗാവിൽ നടന്ന നാലാമത് ദേശീയ സാഹിത്യോത്സവിൽ കർണാടക, ജമ്മുകശ്മീർ, കേരള എന്നീ സംസ്ഥാനങ്ങൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കർണാടകയിൽ നിന്നുള്ള സാഹിൽ, കേരളത്തിൽ നിന്നുള്ള മെഹബിൻ മുഹമ്മദ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. അഞ്ചാം എഡിഷൻ സാഹിത്യോത്സവ് ഉത്തർപ്രദേശിൽ വെച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.