കർണാടകയിൽ വീണ്ടും ആദായനികുതി റെയ്ഡ്
text_fieldsബംഗളൂരു: കർണാടകയിലെ 14 മണ്ഡലങ്ങളിലായി ഏപ്രിൽ 18ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് റിസ്വാൻ അർഷാദിെൻറ പ്രചാരണ ഒാഫിസിൽ ആദായനികുതി വകുപ്പിെൻറ റെയ്ഡ്.
വ്യാഴാഴ്ച രാവിലെ ഏഴുമുതൽ നൂറോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെ 20ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റിസ് വാൻ അർഷാദിെൻറ പ്രചാരണ കമ്മിറ്റി ഒാഫിസിന് പുറമെ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ബിസിനസുകാരായ കമാൽ പാഷ, അമാനുള്ള ഖാൻ, നായിസ് ഖാൻ തുടങ്ങിയവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടന്നത്.
ആദായനികുതി വകുപ്പ് റെയ്ഡ് തെൻറ തെരഞ്ഞെടുപ്പ് പ്രചാരണം തടയാനുള്ള ബി.ജെ.പിയുടെ അടവാണെന്നും കേന്ദ്രം ഭരിക്കുന്നവർ പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും റിസ്വാൻ അർഷാദ് തുറന്നടിച്ചു. കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കളെയും പ്രതിപക്ഷ നേതാക്കളെയും ആദായനികുതി റെയ്ഡ് ഉപയോഗിച്ച് ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. പരാജയഭീതിമൂലമാണ് അവർ ഇത്തരത്തിൽ തരംതാണ പ്രവൃത്തി ചെയ്യുന്നത്. ഇത്തരം പ്രവൃത്തിയിൽ കോൺഗ്രസ് ഭയപ്പെടില്ല.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ബി.ജെ.പിക്കെതിരെ അവർ മറുപടി നൽകുമെന്നും റിസ്വാൻ അർഷാദ് പറഞ്ഞു. കഴിഞ്ഞദിവസം ചിക്കോടി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രകാശ് ഹുക്കേരിയോട് ബന്ധമുള്ള കരാറുകാരായ പ്രകാശ്, രുദ്ര ഗൗഡ പാട്ടീൽ എന്നിവരുടെ വീടുകളിലും ബെളഗാവി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളായ രമേശ് ജാർക്കിഹോളി എം.എൽ.എ, മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരുടെ അനുയായികളായ ജയശീല ഷെട്ടി, രവി ബോവി, ആർ.ഡി. കിട്ടൂർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.