പശുഗുണ്ടകൾ അഫ്ഫാന്റെ ജീവനെടുത്തത് പിറന്നാൾ ദിനത്തിൽ; മൃതദേഹം ലഭിച്ചത് മർദിച്ച് വികൃതമാക്കിയ നിലയിൽ
text_fieldsമുംബൈ: ജൂൺ 24. അന്നായിരുന്നു അഫ്ഫാൻ അബ്ദുൽ അൻസാരിയുടെ ജന്മദിനം. ഇത്തവണ 32ാം ജന്മദിനമായിരുന്നു. എന്നാൽ, ജന്മദിനം ആഘോഷിക്കാൻ അഫ്ഫാൻ ഉണ്ടായിരുന്നില്ല. അന്ന് അവന്റെ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലച്ചു. കൈകാലുകൾ അടിച്ചൊടിച്ച്, തോളെല്ലുകൾ വേർപ്പെട്ട്, മുഖവും ശരീരവും മർദനമേറ്റ് പച്ച നിറത്തിലായിരുന്നു അവന്റെ മയ്യിത്ത്. ജൂൺ 25 ന് പുലർച്ചെ ഖബറടക്കി.
സാധാരണ മരണമായിരുന്നില്ല അഫ്ഫാന്റേത്. പശു ഗുണ്ടകൾ കൂട്ടംകൂടി മർദിച്ച് ഇഞ്ചിഞ്ചായി കൊന്നതായിരുന്നു. ജൂൺ 24 ന് രാത്രി ബന്ധുവായ മുഹമ്മദ് അസ്ഗറിന് മുംബൈയിലെ തന്റെ വസതിയിൽ നിന്ന് 200 കിലോമീറ്റർ അകലെ നാസിക് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ വന്നു. പെങ്ങളുടെ മകൻ അഫ്ഫാൻ അബ്ദുൽ അൻസാരിക്ക് ചിലരുടെ മർദനമേറ്റിട്ടുണ്ടെന്നും ഉടൻ സ്ഥലത്തെത്തണമെന്നുമായിരുന്നു അവർ പറഞ്ഞത്. മൂന്ന് മണിക്കൂറിനുള്ളിൽ സംഭവസ്ഥലത്ത് എത്തിയ അസ്ഗർ, പ്രിയപ്പെട്ടവന്റെ ദാരുണാവസ്ഥ കണ്ട് പകച്ചുപോയി. ‘അവന്റെ മൃതദേഹം കണ്ടപ്പോൾ ഞാൻ മരവിച്ചുപോയി. മുഖത്ത് മർദനമേറ്റ് പച്ച നിറം പടർന്നിരുന്നു. നെറ്റി പൊട്ടി ചതഞ്ഞിരുന്നു. അവന്റെ തോൾ സ്ഥാനഭ്രംശം സംഭവിച്ചു, വിരലുകൾ ഒടിഞ്ഞു നുറുങ്ങി’ -അസ്ഗർ അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുംബൈയിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള സംഗംനേറിലെ ഒരു ഇറച്ചി കച്ചവടക്കാരനിൽ നിന്ന് 450 കിലോഗ്രാം ഇറച്ചി വാങ്ങി പോകുന്നതിനിടെയാണ് പശു ഗുണ്ടകൾ അഫ്ഫാൻ അബ്ദുൽ അൻസാരിയുടെ വാഹനം ചേസ് ചെയ്ത് പിടിച്ചത്. അഫ്ഫാനെ കൊലപ്പെടുത്തിയ സംഘം ഒപ്പമുണ്ടായിരുന്ന നസീർ ഹുസൈൻ (24) എന്ന യുവാവിനെ മർദിച്ച് ജീവച്ഛവമാക്കി. നസീർ ഇപ്പോഴും മുംബൈയിലെ കെഇഎം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. മുംബൈ കുർളയിലെ ഖുറേഷി നഗർ സ്വദേശികളാണ് ഇരുവരും.
പശുമാംസം ആണ് കാറിലെന്ന് ആരോപിച്ചാണ് മർദനം തുടങ്ങിയത്. എന്നാൽ, രണ്ട് പോത്തുകളുടെയും ഒരു കാളയുടെയും ഇറച്ചിയാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് നസീർ ഹുസൈൻ പറഞ്ഞു. ഗോവധം നിരോധിച്ച മഹാരാഷ്ട്രയിൽ എരുമകളുടെയും പോത്തുകളുടെയും വിൽപനയും ഉപഭോഗവും നിയമാനുസൃതമാണ്.
“അഫ്ഫാന്റെ ജന്മദിനം ആയിരുന്നു അന്ന്. ആറും നാലും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. പാവപ്പെട്ട കുടുംബമാണ്. അവരുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. അവന്റെ ഭാര്യയെയും മക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?” -അസ്ഗർ ചോദിക്കുന്നു.
സംഭവത്തിൽ കൊലപാതകം, കലാപം, ആയുധങ്ങൾ കൈവശം വയ്ക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ 10 പേരും 19 നും 30 നും ഇടയിൽ പ്രായമുള്ളവരും ഒരാൾ ഒരാൾക്ക് 42 വയസുകാരനുമാണ്. അതേസമയം, കൊല്ലപ്പെട്ട അഫ്ഫാനും ഗുരുതര മർദനമേറ്റ നസീർ ഹുസൈനുമെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ കാറിൽ നിന്ന് കണ്ടെത്തിയ മാംസം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
‘കാറിൽ എന്താണ് കൊണ്ടുപോയത് എന്നത് പൊലീസാണ് പരിശോധിക്കേണ്ടത്. പശു ഗുണ്ടകൾക്ക് നിയമം കൈയ്യിൽ എടുക്കാൻ എന്താണ് അവകാശം? ഇവർക്ക് മഹാരാഷ്ട്രയിലെ നിയമവാഴ്ചയെ ഭയമില്ലേ?" ഹുസൈന്റെ അമ്മാവൻ ഷഫിയുള്ള ഷാ (48) ചോദിച്ചു.
മരിച്ചത് പോലെ അഭിനയിച്ചതിനാൽ നസീർ ഹുസൈൻ രക്ഷപ്പെട്ടു
ജൂൺ 24 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഇരുവരും സംഗംനറിൽ നിന്ന് ഇറച്ചിയുമായി പുറപ്പെട്ടത്. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം, അവരുടെ കാർ നാസിക്കിലെ ഇഗത്പുരി താലൂക്കിലെ ഗോട്ടി ടോൾ ബൂത്ത് കടന്നപ്പോൾ അഞ്ചോളം മോട്ടോർ സൈക്കിളുകളും കാറും ഇവരെ പിന്തുടരുകയായിരുന്നു. അധികം താമസിയാതെ, അക്രമികളുടെ വാഹനം ഇവരുടെ കാർ തടഞ്ഞിട്ട് പിടികൂടി. ഹുസൈനെയും അൻസാരിയെയും പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. “അബോധാവസ്ഥയിലാണെന്ന് നടിച്ചില്ലെങ്കിൽ നസീർ ഹുസൈനും മരിക്കുമായിരുന്നു. അക്രമികൾ അവൻ ശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിച്ചപ്പോൾ ശ്വാസം അടക്കിപ്പിടിച്ചു കിടക്കുകയായിരുന്നു” -ഇളയ സഹോദരൻ മൊഹ്‌സിൻ (22) അൽ ജസീറയോട് പറഞ്ഞു.
ഇരുവരെയും സമീപത്തെ കാട്ടിൽ കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് വടിയും പൈപ്പും ചെരുപ്പും ഉപയോഗിച്ച് മൂന്ന് മണിക്കൂറോളം മർദിച്ചു. മൃതപ്രായരായ ഇവരെ ഹൈവേയിൽ ഉപേക്ഷിച്ചാണ് അക്രമികൾ പോയത്. രണ്ട് പേരുടെയും കൈകൾ പുറകിൽ കെട്ടിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് ഇവരെ അടുത്തുള്ള എസ്എംബിടി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അധികം വൈകാതെ അൻസാരി മരിച്ചു. ഹുസൈന് വിദഗ്ധ ചികിത്സ പോലും നൽകാതെ ഒരുദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. ഒറ്റ ദിവസം കൊണ്ട് അവനെ എങ്ങനെ ഡിസ്ചാർജ് ചെയ്തുവെന്ന് മനസ്സിലാകുന്നില്ലെന്ന് ഷഫിയുള്ള ഷാ പറഞ്ഞു. "ഞങ്ങൾ മുംബൈയിലേക്ക് കൊണ്ടുവന്ന് കെഇഎം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തിന് ഗുരുതരമായ പരിക്കേറ്റതായും രക്തം കട്ടപിടിച്ചതായും ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. അവൻ ഇപ്പോഴും അഡ്മിറ്റാണ്, അപകടനില തരണം ചെയ്തതായി ഇനിയും പറഞ്ഞിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.