ഉത്തരകാശിയിൽ മുസ്‍ലിംകളുടെ പലായനത്തിനിടയാക്കിയ കേസിൽ ലവ് ജിഹാദില്ലെന്ന് പരാതിക്കാരൻ
text_fieldsപുരോല: ഉത്തരകാശിയിൽ മുസ്‍ലിംകളുടെ പലായനത്തിലേക്ക് നയിച്ച കേസിൽ ലവ് ജിഹാദില്ലെന്ന് വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ അമ്മാവനാണ് ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം പറഞ്ഞത്. സ്കൂൾ അധ്യാപകനായ 40കാരനാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സംബന്ധിച്ച് പൊലീസിൽ ആദ്യം പരാതി നൽകിയത്. മതപരമായ വശം കേസിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയെ തട്ടികൊണ്ട് പോയി ആദ്യ മണിക്കൂറിൽ തന്നെ ഇതിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമമുണ്ടായി. ഹിന്ദുത്വവാദികളാണ് ഞങ്ങൾക്കായി ആദ്യം പരാതി തയാറാക്കി നൽകിയത്. എന്നാൽ, പൊലീസ് ഈ പരാതി സ്വീകരിച്ചില്ല. ഇത് ഒരു ലവ് ജിഹാദ് കേസല്ല. പെൺകുട്ടിയെ തട്ടികൊണ്ട് പോയവർ ഇപ്പോൾ ജയിലിലാണ്. ഇനി കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സംഘടനകൾ തന്നെ സമീപിച്ചിരുന്നു. എന്നാൽ, ദേവഭൂമി രക്ഷാ അഭിയാനും വിശ്വഹിന്ദു പരിഷത്തും നടത്തുന്ന സമരത്തിൽ ചേരില്ലെന്ന ഉറച്ച നിലപാടിലാണെന്നും ഇരയുടെ അമ്മാവൻ പറഞ്ഞു. അവരുടെ ആവശ്യങ്ങളെ എല്ലായിപ്പോഴും നിരസിച്ചിട്ടുണ്ട്. എന്നിലേക്ക് എത്താനുള്ള അവരുടെ ശ്രമങ്ങൾ ജീവിതം നരകമാക്കുകയാണ്. വർഗീയ സംഘർഷമുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺകോളുകൾ ഇപ്പോൾ എടുക്കാറില്ല. താൻ ഇപ്പോൾ നമ്പർ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകാശിയിലെ പുരോലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മേയ് 26ന് ഉബൈദ് ഖാൻ(24) എന്ന കിടക്ക വിൽപനക്കാരനും, ജിതേന്ദ്ര സൈനി (23) എന്ന മോട്ടോർ സൈക്കിൾ മെക്കാനിക്കും അറസ്റ്റിലായിരുന്നു. കേസിൽ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയർത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികൾ ‘ലവ് ജിഹാദ്’ കേസായി അവതരിപ്പിച്ചതാണ് മുസ്‍ലിം വിരുദ്ധ വിദ്വേഷപ്രചരണമായി പരിണമിച്ചത്.
തുടർന്ന് തീവ്ര ഹിന്ദുത്വ സംഘടനകളും വ്യാപാരി സംഘടനകളും നാട്ടുകാരിൽ ചിലരും ചേർന്ന് വിദ്വേഷ റാലികൾ സംഘടിപ്പിച്ചു. പുരോല വിട്ടുപോയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇവർ മുസ്ലിംകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി മുസ്‍ലിംകൾക്കാണ് പ്രദേശം വിട്ട് പലായനം ചെയ്യേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.