അന്ന് പറഞ്ഞത് വാക്സിൻ കയറ്റുമതി മനുഷ്യത്വത്തെ സഹായിക്കാനുള്ള ത്വര കൊണ്ടെന്ന്; വിമർശനം രൂക്ഷമായപ്പോൾ മലക്കം മറിച്ചിൽ
text_fieldsന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗം അതിതീവ്രമായാണ് രാജ്യത്ത് പടരുന്നത്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത് ഇന്ത്യയിലുണ്ടാക്കുന്നത്. കടുത്ത ഓക്സിജൻ ക്ഷാമം മൂലവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും നിരവധി പേരാണ് കോവിഡ് രണ്ടാം തരംഗത്തിൽ മരിക്കുന്നത്. ഇതിനിടെ രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളിലും കാര്യമായ പുരോഗതിയില്ല. ആവശ്യമായ വാക്സിൻ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്സിൻ നിർമ്മാണം രാജ്യത്ത് തുടങ്ങിയതിന് ശേഷം വൻതോതിൽ കയറ്റുമതി നടത്തിയതാണ് ഇപ്പോഴുള്ള ക്ഷാമത്തിന് കാരണമെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു. ഇതിനിടെ വാക്സിൻ കയറ്റുമതി സംബന്ധിച്ച് ബി.ജെ.പിയുടെയും മോദിയുടേയും വ്യത്യസ്ത നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഭഗവത്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനുഷത്വത്തെ സഹായിക്കാനുള്ള ത്വരകൊണ്ടാണ് വാക്സിൻ വൻതോതിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്തതെന്നാണ് നരേന്ദ്ര മോദി കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന് മുമ്പ് 2021 മാർച്ച് 11ന് പറഞ്ഞത്. അന്നും പ്രതിപക്ഷ പാർട്ടികളിലെ ചിലരെങ്കിലും വാക്സിൻ കയറ്റുമതിക്കെതിരെ രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പടർന്നു പിടിച്ചു. വാക്സിൻ ആവശ്യത്തിന് ലഭിക്കാത്തതിൽ കേന്ദ്രസർക്കാറിന് നേരെ വലിയ രീതിയിൽ വിമർശനം ഉയരുന്നു. വാക്സിൻ കയറ്റുമതി ചെയ്ത തീരുമാനം തെറ്റായി പോയെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം വന്നതോടെ ബി.ജെ.പി നിലപാട് മാറ്റി. വാക്സിൻ നിർമാതാക്കളുടെ ചില ലൈസൻസ് ബാധ്യതകളെ തുടർന്നാണ് കയറ്റുമതി വേണ്ടി വന്നതെന്നാണ് പാർട്ടി വക്താവ് സാംബിത് പാത്രയുടെ പുതിയ നിലപാട്. വാക്സിൻ കയറ്റുമതിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിമർശനം ഉന്നയിച്ചപ്പോഴാണ് പാത്ര ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മോദി പറഞ്ഞതിൽ നിന്നും ഘടകവിരുദ്ധമാണ് ഇപ്പോഴുള്ള പാത്രയുടെ നിലപാട്. ബി.ജെ.പി നേതാക്കളുടെ ഈ രണ്ട് പ്രസ്താവനകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.