‘ഒന്നര കോടിയുടെ കാറാണ്, മരിക്കണമെങ്കിൽ ബസിന്റെ മുമ്പിൽ പോയി ചാട്’; ബൈക്കുകാരന് നേരെ ദേവഗൗഡയുടെ മരുമകളുടെ ആക്രോശം
text_fieldsബംഗളൂരു: തന്റെ ആഡംബര കാറിൽ ഇടിച്ച ബൈക്ക് യാത്രികന് നേരെ ആക്രോശവുമായി മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ. ബൈക്ക് യാത്രികനോട് ഇത് ഒന്നര കോടിയുടെ കാറാണെന്നും നിനക്ക് മരിക്കണമെങ്കിൽ ബസിന്റെ മുമ്പിൽ പോയി ചാടെന്നുമൊക്കെ പറഞ്ഞ് ഭവാനി കയർക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും ആവശ്യപ്പെടുന്നുണ്ട്. മൈസൂരു കെ.ആർ നഗറിലേക്ക് യാത്ര ചെയ്യവെ സാലിഗ്രാമയിലെ രാമപുര ജങ്ഷനിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.
രണ്ടു ഗ്രാമവാസികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഭവാനി സഞ്ചരിച്ച ടൊയോട്ട വെൽഫയർ കാറിലിടിച്ചത്. അപകടത്തെതുടർന്ന് കാറിൽനിന്നിറങ്ങിയായിരുന്നു ഭവാനിയുടെ രോഷപ്രകടനം. നിങ്ങൾക്ക് മരിക്കണമെങ്കിൽ ബസിൽ പോയിടിക്കാനും ഇത് ഒന്നരക്കോടി വിലവരുന്ന വാഹനമാണെന്നും കേടുപാട് വരുത്തിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി ബൈക്ക് യാത്രികർ പൊലീസിൽ മൊഴി നൽകി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സാലിഗ്രാമ എസ്.ഐ സ്ഥലത്തെത്തി ബൈക്ക് യാത്രികനെതിരെ കേസെടുത്തു.
ജെ.ഡി.എസ് എം.എൽ.എയും പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യയാണ് ഭവാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.