‘മൻ കി ബാത്’ ജനങ്ങളുടെ ആഘോഷമായി- പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: എല്ലാ മാസവും ജനങ്ങള്‍ കാത്തിരിക്കുന്ന ആഘോഷമായി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്’ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അവ വായിക്കുമ്പോള്‍ വികാരങ്ങളാല്‍ തളര്‍ന്നുപോയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ഒക്ടോബറിൽ ആരംഭിച്ച മന് കി ബാത്തിന്റെ നൂറാം പതിപ്പ് ഞായറാഴ്ച പൂര്‍ത്തിയാക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മന് കി ബാത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ പിന്നീട് പൊതു പ്രസ്ഥാനങ്ങളായിതന്നെ മാറി. ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരമാണ് തനിക്ക് മന് കി ബാത്. ഇത് കേവലം ഒരു പരിപാടിയല്ല, ആത്മീയ യാത്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. 2014 ഒക്ടോബര്‍ മൂന്ന് വിജയദശമി ദിനത്തിലാണ് മന് കി ബാത് പ്രഭാഷണ പരമ്പരയുടെ യാത്ര ആരംഭിച്ചത്.
രാജ്യത്തെ ജനങ്ങളുടെ നന്മയുടെയും ധന്യാത്മകതയുടെയും അതുല്യമായ ഉത്സവമായി ഇത് മാറിയിരിക്കുന്നു. റേഡിയോ പ്രഭാഷണം ആരംഭിച്ച് ഇത്രയും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഓരോ അധ്യായവും അത്രയധികം സവിശേഷമായിരുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ചേര്‍ന്നു. ‘ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ’, സ്വച്ഛ് ഭാരത്, ഖാദി മഹോത്സവം, പ്രകൃതി സ്നേഹം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അടക്കമുള്ള എല്ലാം മന് കി ബാത് ഉള്‍ക്കൊണ്ടു. ജനങ്ങൾ അതിനെയെല്ലാം വലിയ പ്രസ്ഥാനമാക്കി. ഈ പരിപാടി ജനങ്ങളിൽ നിന്ന് അകലാന്‍ തന്നെ അനുവദിച്ചില്ല. ഇന്ത്യയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ജപമാലയുടെ നൂലുപോലെയാണ് മൻ കി ബാത്. ഈ പരിപാടിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോരുത്തരും മറ്റുരാജ്യക്കാര്‍ക്ക് പ്രചോദനമായി മാറുന്നുവെന്നും മോദി പറഞ്ഞു. മൻ കി ബാത് നൂറാം പതിപ്പ് പ്രേക്ഷപണം വിപുലമായാണ് കേന്ദ്ര സർക്കാർ ആഘോഷിച്ചത്.
മൻ കി ബാത്തല്ല, മൗൻ കി ബാത്ത് -കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് പൂർത്തിയായപ്പോൾ വിമർശനവും പരിഹാസവുമായി കോൺഗ്രസ്. ചൈന, അദാനി, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ ‘മൗൻ കി ബാത്ത്’ (മിണ്ടാതിരിക്കൽ) ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
ഇന്ന് ‘ഫേക്ക് മാസ്റ്ററുടെ’ പ്രത്യേക ദിവസമാണ്. ആരാധകവൃന്ദത്തിന്റെ മോടികാട്ടലുമായി ഇന്ന് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് പൂർത്തിയാകുകയാണ്. അദാനി, ചൈന, അവശ്യവസ്തുക്കളുടെ വിലവർധന, ജമ്മു-കശ്മീരിലെ ഭീകരാക്രമണം, വനിത ഗുസ്തി താരങ്ങളെ അപമാനിക്കൽ, കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാതിരിക്കൽ, ഇരട്ട എൻജിൻ സംസ്ഥാനമായ കർണാടകയിലേതടക്കമുള്ള അഴിമതി തുടങ്ങിയ വിഷയങ്ങളിൽ മൗൻ കി ബാത്താണ് നടക്കുന്നത്. മൻ കി ബാത്തിന്റെ ഫലങ്ങളെക്കുറിച്ച് ഐ.ഐ.എം റോത്തക് പഠനം നടത്തിയിരുന്നു. ഇവിടത്തെ ഡയറക്ടറുടെ വിദ്യാഭ്യാസ യോഗ്യത വിദ്യാഭ്യാസ മന്ത്രാലയംതന്നെ ചോദ്യംചെയ്യുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.