ഉച്ചഭാഷിണി വിവാദം കർണാടകയിലേക്കും; ബാങ്കിനൊപ്പം ഹനുമാൻ ചാലിസയുമായി ശ്രീരാമസേന പ്രവർത്തകർ
text_fieldsബംഗളൂരു: മഹാരാഷ്ട്രയിൽ തുടക്കമിട്ട ഉച്ചഭാഷിണി വിവാദം കർണാടകയിലേക്കും വ്യാപിക്കുന്നു. തിങ്കളാഴ്ച പുലർച്ചെ പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിച്ച് ശ്രീരാമസേന പ്രവർത്തകർ. ബെലഗാവിയിലെ ശ്രീരാമസേന പ്രവർത്തകരാണ് ഹനുമാന്‍ ചാലിസ വായിക്കുന്നതിന് നേതൃത്വം നൽകിയത്.
ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെതിരെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും സുപ്രഭാത പ്രാർഥനകളും നടത്തിയതായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് അവകാശപ്പെട്ടു. ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമായി ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രവർത്തകർ പ്രാർഥനാ പ്രചാരണം ശക്തമാക്കുമെന്ന് മുത്തലിക്ക് പറഞ്ഞു.
പുലർച്ചെയുള്ള ബാങ്ക് വിളി കാരണം രോഗികളും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. കോൺഗ്രസ് മുസ്ലിംകളെ നിയമത്തിന് അതീതരാക്കി. നിയമങ്ങൾ എപ്പോഴും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബംഗളൂരുവിലെ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലാൻ തയ്യാറെടുത്ത പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷയം വർഗീയ സംഘർഷത്തിലേക്ക് നയിക്കുമെന്നതിനാൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഹിജാബ് വിവാദം, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ കൊലപാതകം, ഹുബ്ബള്ളി വർഗീയ കലാപം, ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലിം വ്യാപാരികളെ വിലക്കൽ തുടങ്ങിയ സംഭവങ്ങൾക്ക് ശേഷം ഉച്ചഭാഷിണി വിവാദവും കർണാടകയെ സംഘർഷഭരിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.