‘മറിയ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല’, ഭർത്താവിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം
text_fieldsമുംബൈ: മൂന്നു മാസങ്ങൾക്കു മുമ്പാണ് മറിയ ഫാത്തിമ ഖാൻ ഒരുദിവസം ഭോയിവാഡ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതി നൽകാനായിരുന്നു അത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് സ്റ്റേഷനിലും ഭർത്താവ് അക്രം ഖാൻ ആവർത്തിച്ചതോടെ അവൾ ഇറങ്ങിപ്പോവുകയായിരുന്നു. അതിനുശേഷം ഇതുവരെ മറിയയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതിയുടെ കുടുംബം.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി വിശ്രമമില്ലാതെ ഞങ്ങൾ അവളെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു തുമ്പും കിട്ടിയിട്ടില്ല. അവളെവിടെയാണെന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിനും ഫലമൊന്നുമുണ്ടായിട്ടില്ല. ഇപ്പോൾ അവളുടെ തിരോധാനം മൂന്നു മാസം പിന്നിട്ടിരിക്കുന്നു. അവൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല’ -സഹോദരൻ അൽത്തമേഷ് ഖാൻ പറയുന്നു.
30കാരിയായ മറിയ പ്രൈമറി സ്കൂൾ അധ്യാപികയായി ജോലി നോക്കുകയാണ്. ഫിനാൻസിൽ എം.ബി.എ ബിരുദധാരിയാണവൾ. നാലു വർഷം മുമ്പാണ് സോഫ്റ്റ്വെയർ എഞ്ചിനീയറായ അക്രം ഖാനെ വിവാഹം കഴിച്ചത്. പിന്നീട് ഗോവണ്ടിയിലേക്ക് താമസം മാറുകയായിരുന്നു.
മെയ് 17ന് ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മറിയ സ്വന്തം വീട്ടിലെത്തുകയായിരുന്നുവെന്ന് മാതാവ് നജ്മുന്നിസ ഖാൻ ‘മിഡ് ഡേ’ പത്രത്തോട് പറഞ്ഞു. ‘മെയ് 18ന് മൂത്ത സഹോദരന്മാർക്കൊപ്പം അവൾ ഭോയിവാഡ സ്റ്റേഷനിലേക്ക് പോയി. പൊലീസുകാർ അവളുടെ ഭർത്താവിനെ വിളിച്ചുവരുത്തി. മറിയക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാതെ ആരോപിക്കുകയാണ് ഭർത്താവ് ചെയ്തത്. ആ വാദം ആവർത്തിച്ച് അയാൾ സ്റ്റേഷൻ വിട്ടുപോയി. പിന്നാലെ എന്റെ സഹോദരിയും സ്റ്റേഷനിൽനിന്ന് മടങ്ങി. പരാതി നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും മൊബൈൽ ഫോൺ അവിടെ ഉപേക്ഷിച്ചുമാണ് മറിയ മടങ്ങിയത്’ -അൽത്തമേഷ് പറഞ്ഞു.
ദമ്പതികൾ തമ്മിലുള്ള പിണക്കം തങ്ങൾ അതുവരെ അറിഞ്ഞിരുന്നില്ലെന്ന് മറിയയുടെ ബന്ധുക്കൾ പറഞ്ഞു. ‘കഴിഞ്ഞ രണ്ടു മാസമായി അവൾ വല്ലാതെ നിരാശയായിരുന്നു. മൂത്ത സഹോദരൻ അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ സുഖമില്ലാത്തതുകൊണ്ടാണെന്നായിരുന്നു മറുപടി. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. മറിയക്ക് അവളുടെ സുഹൃത്തുമായി ബന്ധമുണ്ടെന്ന ഭർത്താവിന്റെ നിരന്തരമായ ആരോപണം സംഗതി വഷളാക്കി. ഞങ്ങൾ അതേക്കുറിച്ച് അന്വേഷിച്ചു. ആരോപണത്തിന് സാധുത നൽകുന്ന ഒന്നും കണ്ടെത്താനായില്ല. ഭർത്താവിന്റെ പീഡനങ്ങളെ കുറിച്ച് സുഹൃത്തിനോട് പറയുക മാത്രമാണ് ചെയ്തത്’ -അൽത്തമേഷ് പറഞ്ഞു. സഹോദരിയെ കണ്ടെത്താൻ പൊലീസ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ അൽത്തമേഷ്, അവരെയും കാണാതായ മറ്റൊരു സ്ത്രീയെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സുഹൃത്തുമായി ഭാര്യക്ക് ബന്ധമുണ്ടെന്നറിയുന്നതുവരെ വളരെ സന്തോഷകരമായിരുന്നു തങ്ങളുടെ ജീവിതമെന്ന് യുവതിയുടെ ഭർത്താവ് അക്രം ഖാൻ പറഞ്ഞു. ‘സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച് തെളിവുകൾ സഹിതം ഞാൻ സംസാരിച്ചപ്പോൾ അവൾ കുറ്റസമ്മതം നടത്തിയിരുന്നു. ഞാൻ അവളെ അവളുടെ രക്ഷിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. എന്നാല, പിറ്റേന്ന് അവർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ് ചെയ്തത്. പൊലീസ് എന്നെ വിളിപ്പിച്ചു. ഞാൻ അവളുടെ മുന്നിൽവെച്ചുതന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. അതോടെ അവൾ സ്റ്റേഷൻ വിട്ടുപോവുകയായിരുന്നു. കാണാതായ വിവരം രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. ഇതിലൊന്നും എനിക്ക് ഒരു പങ്കുമില്ല. പൊലീസിന്റെ അന്വേഷണത്തോട് ഞാൻ പൂർണമായും സഹകരിക്കുന്നുണ്ട്’ -അക്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.