പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പിരിഞ്ഞു
text_fieldsന്യൂഡൽഹി: നോട്ട് മരവിപ്പിക്കൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കാത്ത സാഹചര്യത്തെകുറിച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
എന്നാൽ, പ്രധാനമന്ത്രിക്ക് മറ്റ് വലിയ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതുണ്ട് എന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നില്ല. വിഷയം പ്രാധാന്യമുള്ളതും സഭയിൽ ചർച്ച ചെയ്യപ്പെടേണ്ടതും ആണ്. പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണമന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടുകയാണെന്ന് ധനമന്ത്രി ആരോപിച്ചു.
സമ്പന്നർക്ക് കള്ളപ്പണം മാറാൻ സഹായം നൽകുകയാണ് പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പണം പിൻവലിക്കലിനു ശേഷം 84 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ പറഞ്ഞു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. ആരാണ് ഈ മരണങ്ങൾക്കെല്ലാം ഉത്തരവാദിയെന്നും ആസാദ് ചോദിച്ചു.
നോട്ട് അസാധുവാക്കലിന് എതിരല്ലെന്നും അത് നടപ്പാക്കിയ രീതിയോടാണ് വിയോജിപ്പെന്നും ബി.എസ്.പി അധ്യക്ഷ കുമാരി മായാവതി പറഞ്ഞു. 90 ശതമാനം ആളുകളും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇക്കാര്യത്തിൽ മറുപടി പറയുന്നതിൽ നിന്നു മോദിക്ക് ഒളിച്ചോടാനാകില്ല.
എ.ടി.എമ്മിനു മുമ്പിൽ പണത്തിനായി വരി നിൽക്കുന്നതിനിടെ ജനം മരിച്ചു വീഴുകയാണ്. പ്രധാനമന്ത്രി മാപ്പു പറയണം. പാവങ്ങളാണ് നോട്ട് അസാധുവാക്കൽ മൂലം ബുദ്ധിമുട്ടുന്നത്. ഒരു മാസം കഴിഞ്ഞിരിക്കുന്നു എന്നിട്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല -മായാവതി ചൂണ്ടിക്കാട്ടി.
ലോക്സഭയിലും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളം വെച്ചു. നോട്ട് മരവിപ്പിക്കൽ ചർച്ച ആവശ്യപ്പെട്ട് ലോകസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ ചോദ്യോത്തരവേള തടസപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.