കല്ലെറിയുന്നതാണോ ബി.ജെ.പിയുടേയും ആർ.എസ്.എസിന്‍റെയും രീതി? രാഹുൽ
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ബി.ജെ.പിയുടേയും ആർ.എസ്.എസിനെയും കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 'ഒരു ബി.ജെ.പി പ്രവർത്തകൻ എന്‍റെ നേർക്ക് വലിയ കല്ല് വലിച്ചെറിയുകയായിരുന്നു. പക്ഷെ എന്‍റെ പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ദേഹത്താണ് കല്ല് പതിച്ചത്. ഇതാണ് മോഡിയുടേയും ബി.ജെ.പിയുടേയും ആർ.എസ്.എസിന്‍റെയും രാഷ്ട്രീയത്തിന്‍റെ രീതി. ഇതിൽ കൂടുതൽ എന്ത് പറയാനാണ്?' ഇവർ തന്നെ ഇക്കാര്യങ്ങളെല്ലാം ചെയ്തതിനുശേഷം സംഭവത്തെ അപലപിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ധനേരയിലെ ഹെലിപാഡിൽ നിന്നും ലാൽചൗക്കിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് നേരെ കല്ലേറും കരിങ്കൊടി വീശലും ഉണ്ടായതിനെ തുടർന്ന് രാഹുൽ ഗാന്ധി ലാൽ ചൗക്കിൽ നടത്താനിരുന്ന പൊതുപരിപാടി വെട്ടിച്ചുരുക്കി അടുത്ത സ്ഥലത്തേക്ക് തിരിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ കാറിന്‍റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ തകർന്നതായി പൊലീസ് പറഞ്ഞു. രാഹുലിന് അപകടമൊന്നും സംഭവിച്ചിട്ടില്ല. ധനേരയിൽ നിന്ന് റൂണി ഗ്രാമത്തിൽ എത്തിയ രാഹുൽ, കല്ലെറിയുന്നതിനെ തന്‍റെ പാർട്ടി ഭയപ്പെടുന്നില്ലെന്ന് പറഞ്ഞു.
കല്ലുകളോ കരിങ്കൊടിയോ മോഡി അനുകൂല മുദ്രാവാക്യങ്ങളോ തന്നെ തടയില്ലെന്ന് രാഹുൽ പറഞ്ഞു.
ഹെലിപാഡിൽ നിന്ന് രാഹുൽഗാന്ധിക്ക് സഞ്ചരിക്കാനായി ബുള്ളറ്റ് പ്രൂഫ് വാഹനം ഏർപ്പാടാക്കിയരുന്നു. ഹെലിപാഡിൽ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര തിരിച്ച ഇദ്ദേഹം പിന്നീട് കോൺഗ്രസ് പ്രവർത്തകന്‍റെ വാഹനത്തിൽ കയറി. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. കല്ലെറിഞ്ഞയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
അതേസമയം, എല്ലാ സുരക്ഷാ പ്രോട്ടോകോളും ലംഘിച്ചാണ് രാഹുൽ യാത്ര ചെയ്തതെന്നാണ് പൊലീസിന്‍റെ വാദം. സുരക്ഷാ കാരണങ്ങളാൽ പൊലീസും കോൺവോയ് മാർഷലും എസ്.പി.ജിയും ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ തന്നെ യാത്ര നടത്തണമെന്ന് അദ്ദേഹത്തോട് നിരവധി തവണ അഭ്യർഥിച്ചിട്ടും അദ്ദേഹം പാർട്ടി നൽകിയ വാഹനത്തിൽ കയറുകയായിരുന്നു. പലപ്പോഴും അപകടകരമായ സ്ഥലങ്ങളിൽ പോലും വാഹനം നിറുത്തുകയും പരിചയില്ലാത്തവരോടു പോലും സംസാരിക്കുകയുമായിരുന്നു രാഹുൽ എന്നാണ് പൊലീസുകാർ അവകാശപ്പെടുന്നത്.
എന്നാൽ, സംഭവത്തിൽ ഗുജറാത്തിലും മറ്റും പ്രതിഷേധമുയർന്നു. ബി.ജെ.പി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.