'രാമക്ഷേത്രം ഇന്ത്യയെ വിഭജിക്കുമെന്ന ആശങ്ക രാമനും ഉണ്ടാകും'; രൂക്ഷവിമർശനവുമായി ശങ്കരാചാര്യൻ
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡിലെ ജ്യോതിർമഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. പ്രാണപ്രതിഷ്ഠയിലൂടെ ഇന്ത്യയുടെ ഐക്യമല്ല, വിഭജനമാണ് ഉണ്ടാവുകയെന്ന ആശങ്ക ശ്രീരാമനും ഉണ്ടാകും. ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് ധര്‍മശാസ്ത്രത്തിന് എതിരാണെന്നും 'ദ വയറി'ന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശങ്കരാചാര്യൻ പറഞ്ഞു. ക്ഷണം ലഭിച്ചിരുന്നെങ്കിൽ അയോധ്യയിൽ പോകുമായിരുന്നു. എന്നാൽ, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ല. മറ്റ് മൂന്ന് ശങ്കരാചാര്യർക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ല. എന്നാൽ, പ്രാണപ്രതിഷ്ഠയിൽ നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ല -അദ്ദേഹം പറഞ്ഞു.
ക്ഷേത്രനിർമാണം പൂർത്തിയാകുന്നതിന് മുമ്പേ പ്രതിഷ്ഠ നടത്തുന്നത് ധർമശാസ്ത്രത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷ്ഠാ മുഹൂർത്തം നിശ്ചയിച്ചത് കൃത്യമായല്ല. പ്രാണപ്രതിഷ്ഠക്കുള്ള ഏറ്റവും ഉചിതമായ സമയം കണ്ടെത്തുന്നതിന് പകരം ജനുവരിയിൽ ഒരു സമയം കണ്ടെത്താനാണ് കാശിയിലെ ജ്യോതിഷിക്ക് നിർദേശം ലഭിച്ചത്.
താൻ മോദിവിരുദ്ധനല്ലെന്ന് പറഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി, പക്ഷേ ക്ഷേത്ര നിർമാണവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും രാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചുവെന്ന് വ്യക്തമാക്കി. എല്ലാത്തിനും മേലെ ഒരാളുടെ പേര് ഉയർത്തിക്കാട്ടുന്നതിനായുള്ള ശ്രമം ദൈവത്തോടുള്ള കലാപമാണെന്ന പുരി ശങ്കരാചാര്യരുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നു. ഈ അഭിപ്രായവുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെക്കാനില്ലെന്നും പ്രധാനമന്ത്രിയെ തന്നെ ഉദ്ദേശിച്ചാണ് പുരി ശങ്കരാചാര്യർ അഭിപ്രായം പറഞ്ഞതെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.
ഹിന്ദുവിശ്വാസികൾ മര്യാദാപുരുഷോത്തമനായി കാണുന്ന ശ്രീരാമൻ, തന്‍റെ പ്രതിഷ്ഠയുടെ പേരിൽ നടക്കുന്ന കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുമെന്ന് അഭിമുഖത്തിൽ ശങ്കരാചാര്യരോട് ചോദിക്കുന്നുണ്ട്. രാമക്ഷേത്രത്തിന്‍റെ രാഷ്ട്രീയവത്കരണം ഇന്ത്യയെയും ഹിന്ദുക്കളെതന്നെയും ഏകീകരിക്കുന്നതിനേക്കാൾ വിഭജിക്കുമോയെന്ന ആശങ്കയാണ് രാമനുണ്ടാവുകയെന്ന് ശങ്കരാചാര്യൻ മറുപടി നൽകി.
കാശിയിലെയും മഥുരയിലെയും മസ്ജിദുകൾക്ക് പകരം ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിലെ അഭിപ്രായം എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. പണ്ഡിതരായ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചിരുന്ന് പ്രശ്നം സമവായത്തോടെയും, തെറ്റായി പിടിച്ചെടുത്തവ തിരികെ നൽകിയും, പരിഹരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.