രാഹുലിനെ കടത്തിവെട്ടുമോ പ്രശാന്ത് കിഷോർ; 'ജൻ സൂരജ്' യാത്രയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എത്തുമ്പോൾ കോൺഗ്രസ് ആശങ്കയിൽ
text_fieldsരാഹുൽ ഗാന്ധിയുടെ പദയാത്രയായ 'ഭാരത് ജോഡോ യാത്ര'ക്ക് വെല്ലുവിളി ഉയർത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 'ജൻ സൂരജ്' എന്ന് പേരിട്ട യാത്രയുമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് പ്രശാന്ത് കിഷോർ. രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഞായറാഴ്ച ബീഹാറിലെ വെസ്റ്റ് ചമ്പാരൺ ജില്ലയിലെ ഗാന്ധി ആശ്രമത്തിൽ നിന്നാണ് പ്രശാന്ത് തന്റെ 3,500 കിലോമീറ്റർ വരുന്ന 'പദയാത്ര' ആരംഭിച്ചത്. 1917-ൽ മഹാത്മാഗാന്ധി തന്റെ ആദ്യത്തെ സത്യാഗ്രഹ സമരം ആരംഭിച്ച ഭീതിഹാർവ ഗാന്ധി ആശ്രമത്തിൽ നിന്നാണ് അദ്ദേഹം മാർച്ച് ആരംഭിച്ചത്. മാർച്ചിലൂടെ ബിഹാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് പ്രശാന്ത് കിഷോർ ലക്ഷ്യമിടുന്നത്.
ബീഹാറിലെ ഓരോ പഞ്ചായത്തും ബ്ലോക്കും ലക്ഷ്യംവച്ചാണ് പ്രശാന്ത് യാത്ര ചെയ്യുന്നത്. മാർച്ച് അവസാസിക്കാൻ ഏകദേശം 12 മുതൽ 15 മാസം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി താരതമ്യപ്പെടുത്തുമ്പോൾ, കിഷോറിന്റെ മാർച്ച് ഏതാണ്ട് തുല്യ ദൂരമാണ് താണ്ടുന്നത്. 3570 കിലോമീറ്ററാണ് രാഹുൽ യാത്ര നടത്തുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നോ ആരംഭിക്കേണ്ടതായിരുന്നു എന്ന് പ്രശാന്ത് കിഷോര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കിഷോര്‍.
തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്നതായിരുന്നു നല്ലത്. അല്ലെങ്കില്‍ മധ്യപ്രദേശോ ഉത്തര്‍പ്രദേശോ പോലെ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് തുടങ്ങാമായിരുന്നു-അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ രാഹുലിന്റെ യാത്ര അധിക ദിവസങ്ങള്‍ കടന്നുപോകുന്നില്ലെന്നും ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തില്‍ 19 ദിവസമുണ്ടെന്നുമുള്ള സിപിഎം വിമര്‍ശനം നേരത്തെ വിവാദമായിരുന്നു.
വിദര്‍ഭ മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന ആഗ്രഹമുള്ളവര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കിഴക്കന്‍ മഹാരാഷ്ട്ര മേഖല പ്രത്യേക സംസ്ഥാനമാക്കണം എന്നാണ് വിദര്‍ഭ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ പ്രത്യേക വിദര്‍ഭ സംസ്ഥാനം എന്ന ആശയം സത്യമാകും. പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.