പാക് ആക്രമണം തുടരുന്നു; ജവാൻ ഉൾപ്പെടെ നാല് മരണം
text_fieldsജമ്മു: അതിർത്തിയിൽ വെടിനിർത്തൽകരാർ ലംഘിച്ച് പാകിസ്താൻ സൈന്യം ആക്രമണം തുടരുന്നു. ശനിയാഴ്ച ജവാനും 15 വയസ്സുള്ള ആൺകുട്ടിയടക്കം മൂന്നു സിവിലിയന്മാരും മരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിൽ ശിപായിയും പഞ്ചാബിലെ സംഗ്രൂരിൽ അലംപുർ ഗ്രാമവാസിയുമായ മൻദീപ് സിങ് (23) ആണ് കൊല്ലപ്പെട്ടത്.
ആർ.എസ് പുരയിലെ കപൂർപുരിൽ വെടിവെപ്പിൽ ഗൗര റാം (15), അബ്ദുലിയാനിൽ ഗൗർ സിങ് (45), തർസീം(25) എന്നിവർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരന്തരം വെടിവെപ്പ് ഉണ്ടാകുന്നതിനാൽ അതിർത്തിയിൽ ഉടനീളം സൈന്യം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ചയിലെ സംഭവത്തോടെ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേർക്ക് പരിക്കുണ്ട്. വെള്ളിയാഴ്ച രജൗറി ജില്ലയിലെ സുന്ദർബാനി മേഖലയിൽ മാവേലിക്കര സ്വദേശി ലാൻസ് നായിക് സാം എബ്രഹാം (34) മരിച്ചിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും അന്തർദേശീയഅതിർത്തിയിലും നിയന്ത്രണ രേഖയിലും കനത്ത ആക്രമണമാണ് പാക് സൈന്യം നടത്തിയത്. വിവിധ ഇടങ്ങളിലായി ആറുപേർക്ക് പരിക്കേറ്റു. കൃഷ്ണഘാട്ടിയിൽ രാവിലെ 8.20നാണ് പ്രകോപനമില്ലാതെ അതിർത്തിക്കപ്പുറത്തുനിന്ന് ആക്രമണം ആരംഭിച്ചത്. വെടിയേറ്റ മൻദീപ് സിങ് പിന്നീട് മരിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
ശനിയാഴ്ച പുലർച്ച മുതൽ ആർ.എസ് പുര സെക്ടറിൽ കനത്ത ഏറ്റുമുട്ടലുണ്ടായി. ഒക്േട്രായി മുതൽ ചിനാബ് (അഖ്നൂർ) വരെയായിരുന്നു ഏറ്റുമുട്ടൽ. ആർ.എസ് പുരയിൽ പുലർച്ച 1.30ന് ഏറ്റുമുട്ടൽ നിന്നെങ്കിലും നാല് മണിക്കൂറിനുശേഷം വീണ്ടുമുണ്ടായി. പർഗ്വാൽ സെക്ടറിൽ പരിക്കേറ്റ ബി.എസ്.എഫ് ജവാനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ജമ്മുവിൽ സശസ്ത്ര സീമ ബലിലെ ജവാൻ ലല്ലു റാമിന് പരിക്കേറ്റു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ സിവിലിയന്മാർ പലായനം ചെയ്യുകയാണ്. 10,000ത്തിലേറെ പേർ ഇതിനകം വീടുവിട്ടു. അന്തർദേശീയ അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരിൽ 8000ത്തിനും 9000ത്തിനും ഇടയിൽ പേർ സുരക്ഷ തേടി മറ്റിടങ്ങളിലേക്ക് നീങ്ങി. ആർ.എസ് പുര, സാംബ, കാതുവ മേഖലകളിൽ ആയിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
അന്തർദേശീയഅതിർത്തിയിലും നിയന്ത്രണരേഖയിലും ശനിയാഴ്ച അഞ്ച് കിേലാമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങൾ അടച്ചിട്ടു. ജമ്മു, സാംബ, കാതുവ, രജൗറി, പൂഞ്ച് ജില്ലകളിലാണിത്. അതിർത്തിമേഖലയിൽ നൂറിലേറെ സ്കൂളുകളുണ്ട്. സ്ഥിതി സംഘർഷാത്മകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.