ഷാ ഫൈസലിനെ സർവീസിൽ തിരിച്ചെടുത്തു; ടൂറിസം മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം
text_fieldsശ്രീനഗർ: 2010 ഐ.എ.എസ് ബാച്ചിലെ ഒന്നാം റാങ്കുകാരനായ ഷാ ഫൈസലിനെ സർവീസിൽ തിരിച്ചെടുത്തതായി ജമ്മുകശ്മീർ സർക്കാർ ഉത്തരവിറക്കി. ഷായെ കേന്ദ്ര ടൂറിസം മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. 2019 ജനുവരിയിലാണ് ഷാ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചത്. തുടർന്ന് ജമ്മു കശ്മീർ പീപ്ൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
കശ്മീരിൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന നിരന്തര കൊലപാതകങ്ങൾ, ഇന്ത്യൻ മുസ്‌ലിംകളെ പാർശ്വവൽക്കരിക്കാനുള്ള നീക്കങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു രാജി. കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് വിരമിച്ചിരുന്നു. അതിനു ശേഷം ഷാ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഷാ ഫൈസൽ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാർട്ടി നേതാക്കളെ കേന്ദ്ര സർക്കാർ തടങ്കലിലാക്കി. തടങ്കലിൽ നിന്ന് മോചിതനായ ശേഷം ഷാ രാഷ്ട്രീയം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ഷാ ഫൈസലിന്റെ രാജി സർക്കാർ സ്വീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.