ജഗദേഷ് കുമാറിനെ യു.ജി.സി ചെയർമാനായി നിയമിച്ചു
text_fieldsന്യുഡൽഹി: എം. ജഗദേഷ് കുമാറിനെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ പുതിയ ചെയർമാനായി വെള്ളിയാഴ്ച നിയമിച്ചു. ജെ.എൻ.യു വൈസ് ചാൻസലറായിരുന്നു ഇദ്ദേഹം. 2018 ൽ യു.ജി.സി ചെയർമാനായി ചുമതലയേറ്റ പ്രൊഫസർ ഡി.പി. സിംങ് 65 വയസ്സ് പൂർത്തിയായി രാജിവച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. ജെ.എൻ.യു വൈസ് ചാൻസലറായിരുന്ന ജഗദേഷ് കുമാറിന്റെ അഞ്ച് വർഷത്തെ കാലാവധി ജനുവരി 26 ന് അവസാനിച്ചിരുന്നുവെങ്കിലും പകരക്കാരനെ തീരുമാനിക്കാത്തതിനാൽ തുടരുകയായിരുന്നു.
ഐ.ഐ.ടി മദ്രാസിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നാണ് ജഗദേഷ് കുമാർ ബിരുദവും ഡോക്ടറേററും നേടിയത്. ഇലക്‌ട്രോണിക് എഞ്ചിനീയറിംഗിലും അനുബന്ധ മേഖലകളിലും ഉള്ള പാണ്ഡിത്യത്തിന്‍റെ പേരിലാണ് ജഗദേഷ് കുമാർ അറിയപ്പെടുന്നത്.
1994 ജൂലൈ മുതൽ 1995 ഡിസംബർ വരെ ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായും ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് മാറിയ അദ്ദേഹം അവിടെ 1997 ൽ അസോസിയേറ്റ് പ്രൊഫസറായും 2005 ൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 2016 ജനുവരിയിലാണ് ജെ.എൻ.യു വി.സിയായി ചുമതലയേറ്റത്.
2016 ൽ ക്യാമ്പസിൽ നടന്ന രാജ്യദ്രോഹ വിവാദം മുതൽ എം.എസ്‌സി വിദ്യാർത്ഥിയായ നജീബ് അഹമ്മദിന്റെ തിരോധാനം വരെയുള്ള നിരവധി പ്രശ്നങ്ങളും വിവാദങ്ങളും കുമാറിന്റെ ജെ.എൻ.യു ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.