മദ്യനിരോധനം: ജഗൻ റിപ്പോർട്ട് തേടി
text_fieldsഹൈദരാബാദ്: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി നടപടി തുടങ്ങി. സംസ്ഥാനത്ത് മദ്യനിയന്ത്രണ-നിരോധന പദ്ധതി തയാറാക്കാൻ അദ്ദേഹം ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് റവന്യൂ, ധന വകുപ്പുകളോടാണ് റിപ്പോർട്ട് തേടിയത്. 2024നകം സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്നതായിരുന്നു ജഗെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനം.
മദ്യ നിരോധനംമൂലം ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും നിലവിലെ സാമ്പത്തിക സ്ഥിതിയും കടബാധ്യത സംബന്ധിച്ചുമെല്ലാം കൃത്യമായ ചിത്രം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യക്കടകളിൽനിന്നും വൻകിട മദ്യവ്യവസായികൾ ഗ്രാമങ്ങൾതോറും തുറന്ന ചില്ലറ വിൽപനശാലകളിൽനിന്നുമുള്ള വിവരങ്ങൾ തേടിവേണം റിപ്പോർട്ട് തയാറാക്കാനെന്ന് നിർദേശിച്ചിട്ടുണ്ട്. റവന്യൂ-ധനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിെൻറ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇൗ നിർദേശങ്ങൾ നൽകിയത്.
ഒാവർ ഡ്രാഫ്റ്റ് വഴിയാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നത് എന്നത് ആശ്ചര്യകരമാണെന്നും സാമ്പത്തിക അച്ചടക്കം പാലിച്ചേ മുന്നോട്ടുപോകാവൂ എന്നും അദ്ദേഹം നിർദേശിച്ചു. മദ്യ നിരോധനംമൂലം വലിയൊരു സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ചൂട്ടിക്കാട്ടി. നികുതിയിനത്തിൽ മാത്രം 7000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.