ഹൈകോടതിക്കെതിരെ ചീഫ് ജസ്റ്റിസിന് ജഗൻ മോഹൻ റെഡ്ഢിയുടെ കത്ത്
text_fieldsഹൈദരാബാദ്: ജുഡീഷ്യറിക്കെതിരെ പോർമുഖം തുറന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി. സുപ്രീംകോടതി മുതിർന്ന ജഡ്ജി എൻ.വി രമണക്കും ആന്ധ്രാ ഹൈകോടതിക്കുമെതിരെയുമാണ് മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തന്‍റെ ആരോപണങ്ങൾ വിശദീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് ജഗന്‍മോഹന്‍ റെഡ്ഡി കത്തയച്ചു. സംസ്ഥാനത്ത് ജുഡീഷ്യറി പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടുള്ള ജഗന്‍മോഹന്‍ റെഡ്ഡിയുടെ അഭ്യര്‍ഥന. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം.
ജസ്റ്റിസ് രമണ തെലുഗു ദേശം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നു എന്നാണ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ പ്രധാന ആരോപണം. തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധം പുലർത്തുന്ന ജസ്റ്റിസ് രമണ നായിഡുവിന് അനുകൂലമായ വിധികള്‍ക്കായി ഹൈകോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നും കത്തിൽ പറയുന്നു. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്ര ഹൈകോടതി ഇടപെടുന്നതായും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് രമണ ടി.ഡി.പിയെ സഹായിച്ചത് സംബന്ധിച്ച തെളിവുകള്‍ ചീഫ് ജസ്റ്റിസിന് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യറിയോട് ബഹുമാനമാണ്. ചില ജഡ്ജിമാരെ തുറന്നുകാട്ടുക മാത്രമാണ് ലക്ഷ്യം- വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.
ചന്ദ്രബാബു നായിഡുവിന്‍റെ ഭൂമി ഇടപാട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ കേന്ദ്രത്തിനും ജഗന്‍മോഹന്‍ റെഡ്ഢി കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.