അന്തർസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ യാത്രയും ഭക്ഷണവുമൊരുക്കി ആന്ധ്രപ്രദേശ്
text_fieldsഹൈദരാബാദ്: കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപെടുത്തിയ ലോക്ഡൗണിനെത്തുടർന്ന് കാൽനടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും നൽകാൻ ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി.
ഞായറാഴ്ച ചേർന്ന ഔദ്യോഗിക അവലോകന യോഗത്തിലാണ് ഒരു അന്തർസംസ്ഥാന തൊഴിലാളി പോലും സ്വന്തം നാട്ടിലേക്ക് കാൽനടയായി മടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്ന് ജഗൻ നിർദേശിച്ചത്. ഒഡീഷ ഭാഗത്ത് നിന്ന് ആന്ധ്രയിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർക്കായി സംസ്ഥാന അതിർത്തി വരെ ബസ് സർവിസ് ഏർപെടുത്താനും ഭക്ഷണം നൽകാനുമാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിവിധ ഹൈവേകളിൽ ബസുകൾ തയാറാക്കി നിർത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി എം.ടി. കൃഷ്ണ ബാബു പറഞ്ഞു. അന്തർ സംസ്ഥാന ചെക്ക്പോസ്റ്റുകൾക്കരികെ 79 ഭക്ഷണ കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യമായാണ് സേവനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശ്രമിക് ട്രെയിനുകളിൽ മടങ്ങുന്നവർക്ക് റെയിൽവേ സ്റ്റേഷനുകൾ വരെ യാത്ര സൗജന്യമായിരിക്കും.
ശ്രീകാകുളം, ഓൻഗോൾ മേഖലയിൽ നിന്നുള്ള 902 തൊഴിലാളികൾക്ക് ശനിയാഴ്ച ഈ സൗകര്യങ്ങൾ ഒരുക്കിയതായി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ഞായറാഴ്ച ഗുണ്ടൂരിൽ നിന്നും 450 പേരെയും കൃഷ്ണ ജില്ലയിൽ നിന്ന് 52പേരെയും സ്വന്തം നാടുകളിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.