തെരഞ്ഞെടുപ്പ് കമീഷണർ നിയമന ബില്ലിനെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജഗൻ മോഹൻ റെഡ്ഡി; വൈഎസ്ആർ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിലേക്ക്?
text_fieldsഹൈദരാബാദ്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്ന നടപടിക്രമത്തിൽ മാറ്റം വരുത്തിയ 2023ലെ നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. തെരഞ്ഞെടുപ്പ് കമീഷണർമാരെയോ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയോ ഭരണകക്ഷികൾ നാമനിർദേശം ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് ജഗൻ പറഞ്ഞു.
നിയമന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയെ ഉൾപ്പെടുത്തുകയായിരുന്നു പുതിയ നിയമത്തിലൂടെ ചെയ്തത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിനുള്ള സമിതി. പുതിയ നടപടിക്രമത്തെ അന്നുതന്നെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ശക്തമായി എതിർത്തിരുന്നു. എസ്.ഐ.ആർ നടപടിക്രമത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സി.ജെ.പി ഉൾപ്പെടെയുള്ള യുവജന-വിദ്യാർഥി സംഘടനകളും പ്രതിഷേധിക്കുന്നതിനിടെയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ഖേദ പ്രകടനം പുറത്തുവരുന്നത്.
എന്.ഡി.എ അംഗമല്ലാതിരിന്നിട്ടും ബിജെപിയുമായി വളരെ അടുത്ത ബന്ധമാണ് വൈ.എസ്.ആര് കോണ്ഗ്രസിനുണ്ടായിരുന്നത്. പാർലമെന്റിലെ പ്രധാനപ്പെട്ട നിയമ നിർമാണങ്ങളിലെല്ലാം ബി.ജെ.പിക്ക് വൈ.എസ്.ആര് കോണ്ഗ്രസ് പിന്തുണ നല്കിയിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ഡ്യ മുന്നണിയുമായി ജഗൻ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് ജഗന്റെ പ്രതികരണമെന്നതും ശ്രദ്ധേയം. തെരഞ്ഞെടുപ്പ് കമീഷണർ നിയമനങ്ങൾ നിഷ്പക്ഷമായ സംവിധാനത്തിലൂടെയായിരിക്കണമെന്നാണ് ജഗൻ പ്രതികരിച്ചു.
‘അന്ന്, കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ കഴിയുന്ന ഈ നടപടിക്രമത്തെ പാർട്ടി പിന്തുണച്ചു. എന്നാൽ ഇന്ന് ഞങ്ങൾ അതിൽ ഖേദിക്കുന്നു. അതിനെ പിന്തുണച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു’ -ജഗൻ മോഹൻ പറഞ്ഞു. ഒരു വിദ്യാർഥിക്ക് സ്വന്തം എക്സാമിനറെ നിയമിക്കാൻ കഴിയില്ല. എക്സാമിനർ എത്ര സത്യസന്ധനായാലും, അദ്ദേഹത്തെ നിയമിച്ചത് നിഷ്പക്ഷമായ ഒരു സംവിധാനത്തിലൂടെയല്ലെങ്കിൽ തീർച്ചയായും വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും ജഗൻ കൂട്ടിച്ചേർത്തു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിലും സമാനമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറെ മുഖ്യമന്ത്രിയോ ഭരണകൂടമോ നിയമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജന പ്രതിഷേധക്കാർക്ക് പിന്തുണയുമായി ജഗൻ രംഗത്തെത്തിയതോടെയാണ് ഇൻഡ്യ മുന്നണിയിലേക്ക് അടുക്കുന്നുവെന്ന ചർച്ചകൾ ശക്തമായത്. പ്രധാന എതിരാളിയായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, എൻ.ഡി.എ സഖ്യത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ആന്ധ്രാരാഷ്ട്രീയത്തിൽ നേരിടുന്ന രാഷ്ട്രീയ ഒറ്റപ്പെടലിൽ നിന്നുള്ള മോചനമായാണ് ജഗൻ പുതിയ വഴികൾ തേടുന്നത്. ഇതിനിടെ അദ്ദേഹത്തിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസിൽ സി.ബി.ഐ നടപടികൾക്കൊപ്പം ഇഡി കേസുകളുടെ വിചാരണയും നടത്താൻ കോടതി തീരുമാനിച്ചിട്ടുണ്ട്.
ജഗൻമോഹൻ റെഡ്ഡി അടുത്തിടെ കോൺഗ്രസ് ഉന്നത നേതൃത്വത്തെ കണ്ടതായും, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഉപദേഷ്ടാവായ വിഷ്ണു റെഡ്ഡിയാണ് ഈ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ബംഗളൂരുവിൽവെച്ച് ജഗനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. 2024ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി നേരിട്ടതിനു പിന്നാലെ, ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ജഗൻ. ജഗൻ റെഡ്ഡിയുടെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് പിന്നാലെയാണ് ജഗൻ കോൺഗ്രസ് വിട്ടത്. തുടർന്ന് അദ്ദേഹം വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപവത്കരിച്ചു. 2019ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയതോടെ ജഗൻ മുഖ്യമന്ത്രിയാകുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

