ജഗന് എല്ലാവരെയും ക്രിസ്ത്യാനികളാക്കണം; ആന്ധ്രയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി നേതാവ്
text_fieldsഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്ക് എല്ലാവരും ക്രിസ്ത്യാനികളായി മാറാനാണ് ആഗ്രഹമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടിയുടെ ആന്ധ്രപ്രദേശ് തലവനുമായ സുനിൽ ദിയോധാർ. സംസ്ഥാനത്ത് ബി.ജെ.പി-ജനസേന സഖ്യം അധികാരത്തിലെത്തുന്നതോടെ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുപ്പതി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആന്ധ്രയിൽ തമ്പടിച്ചിരിക്കുന്ന ബിജെപി നേതാവ് 'ദി പ്രിൻറി'നോട് സംസാരിക്കുകയായിരുന്നു. ക്രിസ്തുമതത്തിലേക്ക് മാറിയ ഹിന്ദുക്കൾക്ക് സംവരണത്തിെൻറ ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്നും സുനിൽ പറഞ്ഞു.
"ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഹിന്ദുക്കളെ പട്ടികജാതിക്കാരായി കണക്കാക്കാൻ കഴിയില്ല. ക്രിസ്ത്യാനികൾക്ക് പട്ടികജാതിക്കാരനാകാൻ കഴിയില്ല, അത് യേശുക്രിസ്തു പോലും അംഗീകരിക്കുന്നില്ല. അത് ക്രിസ്തുമത വിരുദ്ധമാണ്. എല്ലാവരേയും പരിവർത്തനം ചെയ്യാൻ യേശു ദൈവം ഒരിക്കലും ആളുകളോട് ആവശ്യപ്പെടാത്തതിനാൽ ഇത് ക്രിസ്തുവിരുദ്ധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സഭയ്ക്ക് രാഷ്ട്രീയ താൽപ്പര്യമുണ്ട്, അതിനാലാണ് അവർ ഇത് ചെയ്യുന്നത്, " -അദ്ദേഹം പറഞ്ഞു.
പള്ളിയിൽ എല്ലാദിവസവും വരുന്നവരുടെ വിഡിയോ ഫൂേട്ടജ് റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും സുനിൽ ദിയോധാർ സൂചിപ്പിച്ചു. പൊതുജനങ്ങൾക്കായി ഒരു അറ്റൻഡൻസ് രജിസ്റ്റർ പള്ളിയിലുണ്ടായിരിക്കണം. യേശു പഠിപ്പിച്ച കാര്യങ്ങൾ മാത്രം പറയുക. കള്ളം പറയരുത്. "ധാരാളം ക്രിസ്ത്യാനികളുണ്ട്, അവർ കടലാസിൽ ഹിന്ദുക്കളായി തുടരുകയും പതിവായി പള്ളിയിൽ പോകുകയും ചെയ്യുന്നു…. ആനുകൂല്യങ്ങൾ ലഭിക്കാനാണ് അവർ ഇത് ചെയ്യുന്നത്. എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് തുടരാൻ അവർ മതത്തിെൻറ കോളത്തിൽ ഹിന്ദു എന്ന് തന്നെ എഴുതുന്നു, " -അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രിസ്ത്യാനികൾ അനീതി ചെയ്യുകയും ഹിന്ദുക്കളായ പട്ടികജാതി സമുദായ അംഗങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ കൈയ്യടക്കുകയും ചെയ്യുന്നു". ഹിന്ദുക്കൾ തങ്ങളെ അപമാനിച്ചു എന്ന് തോന്നിയതിനാലാണ് അവർ ഹിന്ദുമതം ഉപേക്ഷിച്ച് പോയത്. ക്രിസ്തുമതത്തിലേക്ക് മാറിയതിന് ശേഷം ഒരു അനീതിയും അപമാനവുമുണ്ടാകില്ല എന്ന് കരുതുകയും ചെയ്തു. എന്നാൽ, നീതി ലഭിച്ചിട്ടും പിന്നെ എന്തിനാണ് ഹിന്ദുക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തേടിപ്പോകുന്നത്. അത് ഡോ. അംബേദ്കർ പറഞ്ഞതുപോലെ ആനുകൂല്യം ലഭിക്കാത്തതിനാൽ പിന്നോക്കം പോയവർക്ക് നൽകണം. സംവരണം അനുവദിച്ചവർക്ക് മാത്രം നൽകണം. ആന്ധ്രയിൽ ജഗൻ റെഡ്ഡി ഇത് ചെയ്യുന്നില്ല, " -സുനിൽ ദിയോധാർ കൂട്ടിച്ചേർത്തു.
ജഗൻ മോഹൻ റെഡ്ഡിക്ക് എല്ലാവരും ക്രിസ്ത്യാനികളായി മാറണം...
''എല്ലാവരും ക്രിസ്ത്യാനികളാകണമെന്ന് ജഗൻമോഹൻ റെഡ്ഡി ആഗ്രഹിക്കുന്നു. ആനുകൂല്യങ്ങൾ നിഷേധിച്ചതുമൂലം ഒരു ക്രിസ്ത്യാനിയാകാനുള്ള പ്രക്രിയ വൈകുന്നുണ്ടെങ്കിൽ, ക്രിസ്ത്യാനികളായി മാറിയ എല്ലാ പട്ടികജാതി ഹിന്ദുക്കളെയും സംവരണക്കാർക്കുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാനും അദ്ദേഹം അനുവദിക്കുന്നു. ഒരു പാർടി എന്ന നിലയിൽ ഞങ്ങൾ ഇതിനെതിരാണ്, ഇതിനെതിരെ ഞങ്ങൾ സമരം ആരംഭിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി മുന്നറിയിപ്പ് നൽകി. .
"ബലപ്രയോഗത്തിലൂടെയോ മറ്റോ ആളുകളെ മത പരിവർത്തനം ചെയ്യുന്നവരോട്... അത് ഞങ്ങൾ അനുവദിക്കില്ല. മതപരിവർത്തന വിരുദ്ധ ബില്ലുകൾ കോൺഗ്രസ് സർക്കാരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇതൊന്നും ഞങ്ങൾ പുതുതായി കൊണ്ടുവന്നതല്ല. ഒഡീഷ, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങൾ നിലവിലുണ്ടുതാനും. - സുനിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.