ബി.ബി.സിക്കെതിരെ ഉപരാഷ്ട്രപതി; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ലെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന വ്യാജമായ ആഖ്യാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിറകെ ഇന്ത്യയിലെ ബി.ബി.സി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് ഉപരാഷ്ട്രപതിയടെ പ്രസ്താവന.
ഇന്ത്യൻ ഇൻഫർമേഷൻ പ്രബേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടയിലാണ് ബി.ബി.സിയുടെ പേര് പരാമർശിക്കാതെ റെയ്ഡിനെ ഉപരാഷ്ട്രപതി ന്യായീകരിച്ചത്.
അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. തെറ്റായ വിവരങ്ങള്‍ കൊണ്ടുതള്ളുന്നതും മറ്റൊരു തരത്തിലുള്ള അധിനിവേശമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രതയോടെയിരിക്കണം.
അശ്രദ്ധമായിരുന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മനസ്സിലാക്കാനാകില്ല. രാജ്യത്ത്, പ്രത്യേകിച്ച് ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗത്തിന് പുറത്തു നിന്നും വരുന്നതെന്തും വിശുദ്ധമാണെന്ന ചിന്താഗതി കണ്ടു വരുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.