ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ 14മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമൂ സത്യവാചകം ചൊല്ലികൊടുത്ത. എം. വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായാണ് രാജസ്ഥാൻ സ്വദേശിയായ ധൻഖർ ഉപരാഷ്ട്രപതിയാകുന്നത്. പോൾ ചെയ്തതിന്റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ധൻഖറിന്റെ വിജയം.
ജഗ്ദീപ് ധൻഖർ: അഭിഭാഷകൻ, ജാട്ട് നേതാവ്, ഗവർണർ
കർഷകപുത്രനെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. അഭിഭാഷകനായിരുന്ന ധൻഖർ 1989 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ വർഷം തന്നെ രാജസ്ഥാനിലെ ഝുൻഝുനു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും അടുത്ത വർഷം കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ജഗ്ദീപ് ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്. 1993-98 കാലയളവിൽ കിഷൻഗഢ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് രാജസ്ഥാൻ വിധാൻ സഭയിൽ അംഗമായിരുന്നു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിൽ കർഷക കുടുംബത്തിലാണ് ജനനം. ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പോടെ സൈനിക് സ്കൂളിൽ പ്രവേശനം നേടി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ചു കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. ഭാര്യ- സുദേഷ് ധൻഖർ. ഒരു മകളുണ്ട്.
പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻഖർ മമത ബാനർജിയോട് നേരിട്ടേറ്റുമുട്ടി നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ്. 2019 ജൂലൈയിൽ ഗവർണറായി സ്ഥാനമേറ്റതു മുതൽ സർക്കാറുമായി കലഹങ്ങൾ പതിവായിരുന്നു.
ബി.ജെ.പിയുടെ ഏജന്റെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പലപ്പോഴും ഈ 73കാരനെ വിളിച്ചിരുന്നത്. നിയമസഭയിൽ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് താമസിപ്പിച്ചും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനങ്ങളിലും ഇടപെട്ട് മമത സർക്കാറിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.