ജഗ്ദീപ് ധൻകറോ മാർഗരറ്റ് ആൽവയോ? ഇന്നറിയാം പുതിയ ഉപരാഷ്ട്രപതിയെ
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. വൈകീട്ടുതന്നെ ഫലവും പ്രഖ്യാപിക്കും. ഭരണകക്ഷിയായ എൻ.ഡി.എയുടെ സ്ഥാനാർഥി, 73കാരനായ ജഗ്ദീപ് ധൻകറിന് അനായാസ ജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതിപക്ഷം മുന്നോട്ടുവെച്ച മാർഗരറ്റ് ആൽവയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിപക്ഷ പാർട്ടികളിൽ അഭിപ്രായ ഐക്യം ഇല്ലാത്തത് ഭരണപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുകയാണ്. ആൽവയെ നിശ്ചയിച്ചതിൽ മതിയായ കൂടിയാലോചനകൾ നടത്തിയിട്ടില്ല എന്നാരോപിച്ച് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിൽനിന്നുള്ള ജാട്ട് നേതാവാണ്, ബംഗാൾ മുൻ ഗവർണർ കൂടിയായ ധൻകർ. എൺപതുകാരിയായ ആൽവ മുൻകേന്ദ്രമന്ത്രിയും രാജസ്ഥാൻ ഗവർണറുമായിരുന്നു.
ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞാലുടൻ വോട്ടെണ്ണൽ തുടങ്ങി രാത്രിയോടെ, ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും. നാമനിർദേശം ചെയ്യപ്പെട്ടതടക്കമുള്ള പാർലമെന്റ് അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇരുസഭകളിലുമായി 788 അംഗങ്ങളുണ്ട്. രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.
ഇരു സഭകളിലെയും അംഗങ്ങളുടെ വോട്ടിന്റെ മൂല്യം ഒന്നുതന്നെയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഓപൺ വോട്ട് അനുവദിക്കില്ല. വോട്ടിങ്ങുമായി ബന്ധപ്പെട്ട് പാർട്ടികൾക്ക് വിപ്പ് പുറപ്പെടുവിക്കാൻ അവകാശമില്ലെന്നും കമീഷൻ പറഞ്ഞു. ഇതിനിടെ, ആൽവയെ പിന്തുണക്കുമെന്ന് തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് ആവേശം പകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.