'എവിടെയാണോ വോട്ട്, അവിടെ വാക്‌സിൻ' കാമ്പയിനുമായി ഡൽഹി സർക്കാർ
text_fieldsന്യൂഡല്‍ഹി: 45ന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ഊര്‍ജിതമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഡല്‍ഹി സർക്കാർ. 'എവിടെയാണോ വോട്ട്, അവിടെ വാക്‌സിൻ' (ജഹാം വോട്ട്, വഹാം വാക്‌സിന്‍) എന്ന കാമ്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്‌സിന്‍ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
അടുത്ത നാല് ആഴ്ച കൊണ്ട് 45ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. ഇതിനായി ഡല്‍ഹിയിലെ വോട്ടിങ് ബൂത്ത് തലത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. ഇതനുസരിച്ച് ജനങ്ങള്‍ക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാം. അടുത്ത ഘട്ടത്തിൽ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരാണുള്ളത്. ഇതില്‍ 27 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിൻ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കും രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കുമാണ് സ്വന്തം പോളിങ് ബൂത്തിലെത്തി വാക്‌സിന്‍ ഡോസ് സ്വീകരിക്കാൻ അവസരമൊരുങ്ങുന്നത്.
ഡൽഹിയിൽ 280 വാർഡുകളാണുള്ളത്. ഓരോ ആഴ്ചയും 70 വാർഡുകൾ എന്ന ക്രമത്തിലാണ് നാല് ആഴ്ച കൊണ്ട് പദ്ധതി പൂർത്തിയാക്കുക. ബൂത്തുതല ഉദ്യോഗസ്ഥർക്കാണ് ഇതിന്‍റെ ചുമതല. തങ്ങളുടെ ബൂത്തിന് കീഴിൽ വരുന്ന വീടുകൾ കയറിയിറങ്ങി 45 വയസ്സിന് മുകളിലുള്ള വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്തി സ്ലോട്ട് അനുവദിക്കുകയാണ് ബൂത്തുതല ഉദ്യോഗസ്ഥരുടെ ചുമതല. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും സ്ലോട്ട് അനുവദിക്കും. വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ബോധവത്കരിക്കുന്ന ചുമതലയും ബൂത്തുതല ഉദ്യോഗസ്ഥർക്കാണെന്നും കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.