''ബുൾഡോസർ ഇറക്കിയത് മുസ്ലിംകളെ ലക്ഷ്യമിട്ട്''; സുപ്രീംകോടതിയോട് കപിൽ സിബലും ദുഷ്യന്ത് ദവെയും
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലുമടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത കൈയേറ്റങ്ങളുടെ പേരിൽ ബുൾഡോസറുകൾ ഇറക്കുന്നത് മുസ്ലിംകളെ ലക്ഷ്യമിട്ടാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും കപിൽ സിബലും സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ലക്ഷക്കണക്കിനാളുകൾ ജീവിക്കുന്ന 731 അനധികൃത കോളനികൾ ഡൽഹിയിലുണ്ടായിട്ടും ഇടിച്ചുപൊളിക്കാൻ ഒരു കോളനി മാത്രം തെരഞ്ഞെടുക്കുന്നതിന് കാരണം ഒരു സമുദായമാണെന്ന് ദവെ വാദിച്ചു. വിഷയം ജഹാംഗീർപുരിയിൽ പരിമിതമായതല്ലെന്നും ദേശീയ പ്രാധാന്യമുള്ളതാണെന്നും ദവെ വാദിച്ചപ്പോൾ എന്താണ് ദേശീയ പ്രാധാന്യമെന്ന് കോടതി തിരിച്ചുചോദിച്ചു. എല്ലാ കലാപ ബാധിത സ്ഥലങ്ങളിലും ഇതാണ് സ്ഥിതി. 1984ലും 2002ലും സംഭവിക്കാത്തതാണിത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് പെട്ടെന്ന് ഡൽഹിയിലൊരു കൈയേറ്റ പ്രശ്നം? സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ മാത്രം ലക്ഷ്യമിടുന്നത് രാജ്യത്തിന്‍റെ സാമൂഹിക ചട്ടക്കൂടിനെ തകർക്കും. ഇത് അനുവദിച്ചാൽ പിന്നെ രാജ്യത്ത് നിയമവാഴ്ച ഉണ്ടാവില്ല.
ഗോൾഫ് ലിങ്കിലെയും സൈനിക് ഫാംസിലെയും അനധികൃത നിർമാണങ്ങൾ തൊടാൻ തയാറല്ലാത്ത നിങ്ങൾ ജഹാംഗീർപുരിയിലെ പാവങ്ങളെയാണ് ലക്ഷ്യമിടുന്നത്. സമ്പന്നരുടെയും പ്രമാണിമാരുടെയും അനധികൃത നിർമാണങ്ങൾ തടയാതെ പാവങ്ങളുടെ വസ്തുക്കളെ മാത്രം ലക്ഷ്യമിടുന്നത് കാപട്യമാണ്. അനധികൃത നിർമാണത്തിനെതിരെ വല്ലതും ചെയ്യണമെങ്കിൽ ഡൽഹി സൈനിക് ഫാംസിലേക്കും ഗോൾഫ് ലിങ്ക്സിലേക്കും പോകൂ. അവിടെ രണ്ടിലൊരു വീട് കൈയേറ്റമാണ്. എന്നാൽ അതൊന്നും തെടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. പാവങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ.
ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ചശേഷം കലാപകാരികളുടെ സ്വത്തുക്കൾക്ക് മേൽ ബുൾഡോസറുകൾ കയറ്റണമെന്ന് വടക്കൻ ഡൽഹി മുനിസിപ്പൽ കേർപറേഷൻ കൗൺസിലർക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത കത്തയച്ചു. ബി.ജെ.പി പ്രസിഡന്‍റ് ഒരു മുനിസിപ്പൽ കമീഷണർക്ക് ഇടിച്ചുപൊളിക്കാൻ കത്തെഴുതുന്നത് എങ്ങിനെയാണ്? എന്നിട്ട് അവരത് തകർക്കുന്നതെങ്ങിനെയാണ്? പൊലീസും കോർപറേഷനും ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കേണ്ടത്. ബി.ജെ.പി നേതാവിന് അനുസരിച്ചല്ല. ഇത് ബി.ജെ.പി പ്രസിഡന്‍റിന്‍റെ ആഗ്രഹ പ്രകടനമല്ലേ എന്ന് ജസ്റ്റിസ് നാഗേശ്വരറാവു ചോദിച്ചപ്പോൾ അയാളുടെ ആഗ്രഹം കൽപനയായി മാറിയെന്ന് ദവെ മറുപടി നൽകി.
കൈയേറ്റങ്ങളെ മുസ്ലിംകളുമായി ബന്ധപ്പെടുത്തുകയാണെന്നും അതാണ് പ്രശ്നത്തിന്‍റെ മർമമെന്നും കപിൽ സിബൽ വാദിച്ചു. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രാമനവമി യാത്ര നടന്നു. തുടർന്നുണ്ടായ സംഭവങ്ങളുടെ പേരിൽ ഒരു വിഭാഗത്തിന്‍റെ മാത്രം വീടുകൾ മാത്രം തകർത്തു. അവർ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടു. ഇരകളാക്കപ്പെട്ടു. ആരുടെയൊക്കെ വീടുകൾ തകർക്കമെന്ന് ആരാണ് തീരുമാനിക്കുന്നത്? എന്തു സംഭവിക്കണമെന്നും സംഭവിക്കരുതെന്നും രാഷ്ട്രീയാധികാരമാണ് തീരുമാനിക്കുന്നത്. അതാണ് ജംഇയ്യത്തുൽ ഉലമയുടെ ഹരജിയിൽ പ്രതിഫലിച്ചിരിക്കുന്നത്. ജഹാംഗീർ പുരിയിൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ പൊളിച്ചിട്ടില്ലേ എന്ന് ജസ്റ്റിസ് നാഗേശ്വര റാവു തിരിച്ചുചോദിച്ചപ്പോൾ കൈയേറ്റങ്ങൾ സമുദായവുമായി കൂട്ടിക്കെട്ടരുതെന്ന് സിബൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.