ജഹാംഗീർപുരി സംഘർഷം: പ്രതിയുടെ ബന്ധുക്കളെ ബംഗാളിലെത്തി ചോദ്യം ചെയ്ത് ഡൽഹി പൊലീസ്
text_fieldsവെസ്റ്റ് മിഡ്നാപൂർ: ജഹാംഗീർപുരി വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട അൻസാറിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്. പശ്ചിമ ബംഗാൾ വെസ്റ്റ് മിഡ്നാപൂരിൽ എത്തിയാണ് അമ്മാവനെയും മറ്റ് ബന്ധുക്കളെയും ഡൽഹി ക്രൈംബ്രാഞ്ചിന്‍റെ മൂന്നംഗ സംഘം ചോദ്യം ചെയ്തത്.
സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ബംഗാൾ പൊലീസ് പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ അറിയിച്ചു.
അതേസമയം, അൻസാർ വളരെ നല്ല വ്യക്തിയാണെന്ന് അമ്മാവൻ വാർത്താ ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചു. ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 23 പേരാണ് അറസ്റ്റിലായത്.
തോക്കുകളും വാളുകളും ദണ്ഡുകളും മറ്റു ആയുധങ്ങളുമേന്തിയ 200ാളം പേർക്ക് ഡിജെ മ്യുസികും പ്രകോപന മുദ്രാവാക്യങ്ങളുമായി ഒരേ പ്രദേശത്ത് മൂന്ന് തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്താൻ അനുമതി നൽകിയ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഡൽഹി വർഗീയ സംഘർഷത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട്.
മൂന്നാം ഘോഷയാത്ര മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗലിയിയിൽ നോമ്പുതുറയുടെ നേരത്ത് പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചഭാഷിണിയിലുടെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടിരുന്നപ്പോൾ ഡൽഹി പൊലീസ് നോക്കിനിന്നത് എന്തുകൊണ്ടാണെന്നും സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചോദിക്കുന്നു.
വർഗീയ സംഘർഷം നടന്ന ദിവസം രാത്രി ജഹാംഗീർപുരിയിൽ പൊലീസ് റെയ്ഡും അറസ്റ്റും നടത്തുന്ന അതേ നേരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചു. അവർക്ക് ചുറ്റിലും നിന്ന് നിരവധി ആളുകൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ജയ്ശ്രീരാം മുഴക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.