ജഹാംഗീർപുരി വർഗീയ സംഘർഷം: ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: തോക്കുകളും വാളുകളും ദണ്ഡുകളും മറ്റു ആയുധങ്ങളുമേന്തിയ 200ാളം പേർക്ക് ഡിജെ മ്യുസികും പ്രകോപന മുദ്രാവാക്യങ്ങളുമായി ഒരേ പ്രദേശത്ത് മൂന്ന് തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്താൻ അനുമതി നൽകിയ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഡൽഹി വർഗീയ സംഘർഷത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട്. മൂന്നാംഘോഷയാത്ര മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗലിയിയിൽ നോമ്പുതുറയുടെ നേരത്ത് പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചഭാഷിണിയിലുടെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടിരുന്നപ്പോൾ ഡൽഹി പൊലീസ് നോക്കിനിന്നത് എന്തുകൊണ്ടാണെന്നും സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരു കൂട്ടരും അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചോദിച്ചു.
ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകൾ കൂടുതലുള്ള ഏപ്രിൽ 16ന് ജഹാംഗീർപുരിയിലെ വർഗീയ സംഘർഷത്തിന്‍റെ നിജസ്ഥിതി അറിയാൻ ഡൽഹി പൊലീസിന്‍റെ പങ്കാണ് ആദ്യം അന്വേഷിക്കേണ്ടതെന്ന് തങ്ങൾക്ക് ബോധ്യമായതായി വസ്തുതാന്വേഷണ സംഘാംഗങ്ങൾ ഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ സംഘർഷം നടന്ന ദിവസം രാത്രി ജഹാംഗീർപുരിയിൽ പൊലീസ് റെയ്ഡും അറസ്റ്റും നടത്തുന്ന അതേ നേരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചു. അവർക്ക് ചുറ്റിലും നിന്ന് നിരവധി ആളുകൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ജയ്ശ്രീരാം മുഴക്കികൊണ്ടിരിക്കുകയാണ്.
ഹനുമാൻ ജയന്തിക്ക് ഒരേ പ്രദേശത്ത് മൂന്ന് ഘോഷയാത്രകൾക്കാണ് ഡൽഹി പൊലീസ് അനുമതി നൽകിയത്. രണ്ട് ഘോഷയാത്രകൾ ഉച്ചയോടെ അവസാനിപ്പിച്ചതാണ്. അതേ സ്ഥലത്ത് മാരകായുധങ്ങളേന്തിയുള്ള മൂന്നാമത്തെ ഘോഷയാത്ര തുടങ്ങിയത് വൈകീട്ട് ആറ് മണിക്ക് ശേഷമാണ്. നോമ്പുതുറക്ക് മുസ്ലിംകൾ കാത്തിരിക്കുന്ന സമയമാണിത്. ഡിജെ മ്യുസികും പ്രകോപന മുദ്രാവാക്യങ്ങളുമായി ആ ഘോഷയാത്ര നേരെ പോയത് ജഹാംഗീർപുരി സി ബ്ലോക്കിൽ നോമ്പുതുറക്ക് ധാരാളം ആളുകൾ വന്നിരിക്കുന്ന മുസ്ലിം പള്ളിയുടെ മുന്നിലേക്കാണ്.
ഘോഷയാത്രക്കൊപ്പം മുന്നിലു പിന്നിലും രണ്ട് ജീപ്പുകളിൽ അകമ്പടിയായി ഡൽഹി പൊലീസുമുണ്ടായിരുന്നു. റൈഫിളും പിസ്റ്റളും വാളും കത്തിയും ഇരുമ്പുദണ്ഡുകളും ക്രിക്കറ്റ് ബാറ്റുകളുമേന്തി പ്രകോപനമുദ്രാവാക്യങ്ങളുയർത്തി നീങ്ങുന്ന ഘോഷയാത്രക്കൊടുവിൽ എന്തു സംഭവിക്കുമെന്നും ഡൽഹി പൊലീസിന് അറിഞ്ഞുകൊണ്ടായിരുന്നു ഈ അനുമതി. ആളുകൾ നോമ്പുതുറക്ക് പള്ളിയിൽ ഒരുമിച്ചുകൂടിയ നേരത്ത് ഒഴിവാക്കേണ്ട റുട്ടിൽ അത് ചെയ്യാതെയാണ് അതിലൂടെ തന്നെ അത് കൊണ്ടുപോകാൻ അനുവാദം നൽകിയത്. ഡൽഹിയിൽ ഏത് സ്ഥലത്തും അനുമതിയില്ലാതെ പ്രകടനം നടത്തിയാൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാറുള്ള പൊലീസാണിതെന്ന് ഓർക്കണമെന്ന് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടി. അതിനാൽ ജഹാംഗീർപുരി വർഗീയ സംഘർഷത്തിന്‍റെ നിജസ്ഥിതി പുറത്തുവരണമെങ്കിൽ ഡൽഹി പൊലീസിന്‍റെ പങ്ക് അന്വേഷിച്ചേ മതിയാകൂ.
മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ ഇപ്പോഴും സൗഹാർദ അന്തരീക്ഷം നില നിൽക്കുന്ന പ്രദേശത്ത് ഘോഷയാത്രക്കാർക്കെതിരെ നടപടി എടുക്കാതെ മുസ്ലം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ മാത്രം അറസ്റ്റ് ചെയ്യുന്ന പക്ഷപാതപരമായ നടപടി അഡീഷനൽ പൊലീസ് കമീഷണർ കിഷൻ കുമാറിനെ നേരിൽ കണ്ടു ധരിപ്പിച്ചുവെന്നും സംഘം അറിയിച്ചു.
വസ്തുതാന്വേഷണ സംഘം ഉയർത്തിയ മൂന്ന് ചോദ്യങ്ങൾ
രാജീവ് കുൻവർ, വിപിൻ (സി.പി.എം), വിവേക് ശ്രീവാസ്തവ, സഞജീവ് റാണ(സി.പി.ഐ), ആശ ശർമ, മൈമൂന മൊല്ല (ജെ.എം.എസ്), സഞജീവ്, സുഭാഷ്(ഡി.വൈ.എഫ്.ഐ), രവിറായ്(സി.പി.ഐ- എം.എൽ) ശ്വേതാരാജ്(എ.ഐ.സി.സി.ടി.യു), പ്രസഞ്ജിത്(ഐസ), അഡ്വ. കമൽപ്രീത്, അമിത് (ഫോർവേഡ് ബ്ലോക്ക്) എന്നിവർ അടങ്ങുന്ന വസ്തുതാന്വേഷണ സംഘം ഉയർത്തിയ മൂന്ന് പ്രധാന ചോദ്യങ്ങൾ:
ഒന്ന്) ഡൽഹി പൊലീസ് പറയുന്നത് പോലെ ഘോഷയാത്രക്ക് നേരെ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെങ്കിൽ ഉച്ചയോടെ അതേ സ്ഥലത്ത് രണ്ടു വട്ടം ഘോഷയാത്ര നടത്തിയിട്ടും അക്രമം ഉണ്ടാകാതിരുന്നത് എന്ത് കൊണ്ടാണ്?
രണ്ട്) നോമ്പുതുറയുടെ കൃത്യനേരത്ത് ആയുധമേന്തിയ ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്ലിം പള്ളിക്ക് മുന്നിൽ നിർത്തിയതും പ്രകോപന മുദ്രാവാക്യം മുഴക്കിയതും എന്ത് കൊണ്ടാണ്?
മൂന്ന്) സായുധ ഘോഷയാത്രയുടെ പ്രകോപന മുദ്രാവാക്യങ്ങളുടെയും അതിക്രമങ്ങളുടെയും വീഡിയോകൾ പുറത്തുവന്നിട്ടും മുഖ്യമായും ന്യൂനപക്ഷ സമുദായത്തിലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പക്ഷപാതപരമല്ലേ
ഡൽഹി പൊലീസിന് നേരെ കല്ലേറ്
ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ പ്രതികൾക്കായി റെയ്ഡിന് ചെന്ന ഡൽഹി പൊലീസിന് നേരെ സ്ത്രീകളുടെ നേതൃത്വത്തിൽ കല്ലേറ്. കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതോടെ, സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ആൾക്കൂട്ടത്തിന് നേരെ വെടിവെച്ചതായി വിഡിയോയിൽ കണ്ട സോനു ചിക്നുവിനെ പിടിക്കാൻ ചെന്നപ്പോഴാണ് കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് പൊലീസിനെ കല്ലെറിഞ്ഞത്. സംഭവം ചെറിയതെന്ന് വിശേഷിപ്പിച്ച പൊലീസ് കല്ലെറിഞ്ഞതിന് ഒരാളെ പിടികൂടിയെന്നും അറിയിച്ചു.
ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷകൻ
ന്യൂഡൽഹി: ജഹാംഗീർപുരി വർഗീയ സംഘർഷത്തിൽ ഡൽഹി പൊലീസ് ഇതുവരെ നടത്തിയ അന്വേഷണം പക്ഷപാതപരവും വർഗീയവും കലാപത്തിന്‍റെ ഗൂഢാലോചകരെ സംരക്ഷിക്കുന്നതുമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് അഭിഭാഷകന്‍റെ കത്ത്. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അഡ്വ. അമൃത്പാൽ ഖൽസഫ ആവശ്യപ്പെട്ടു. രണ്ട് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഡൽഹിയിൽ കലാപമുണ്ടാകുന്നതെന്നും നിഷ്പക്ഷ അന്വേഷണത്തിന് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിക്ക് രൂപം നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.