ജയ് ഭീം കേസ്: സൂര്യ, ജ്യോതിക എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsചെന്നൈ: സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതായ പരാതിയിൻമേൽ നിർമാതാക്കളായ സൂര്യ - ജ്യോതിക ദമ്പതികൾക്കെതിരെയും സംവിധായകൻ ടി.ജെ. ജ്ഞാനവേലിനെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ ചെന്നൈ സൈദാപേട്ട കോടതി പൊലീസിന് നിർദേശം നൽകി. 'രൂദ്ര വണ്ണിയർ സേന' എന്ന ജാതി സംഘടനയാണ് പരാതി നൽകിയത്. മെയ് 20നകം കേസ് രജിസ്റ്റർ ചെയ്ത് പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ഉത്തരവ്.
സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാരന്റെ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ് മുഖ്യ ആരോപണം. യഥാർഥത്തിൽ ക്രിസ്ത്യാനിയായ അന്തോണി സാമിയെന്ന പൊലീസ് ഇൻസ്പെക്ടറാണ് ഇതിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.
വണ്ണിയർ സമുദായത്തിനെതിരെ തെറ്റായതും ദുരുദ്ദേശപരവും അപകീർത്തികരവുമായ പരാമർശങ്ങളും രംഗങ്ങളും നീക്കുക, നിർമാതാക്കൾ നിരുപാധികം മാപ്പ് പറയുക, അഞ്ച് കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വണ്ണിയർ സംഘം നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ സിനിമ വൻ വിജയമായിരുന്നു. ഓസ്ക്കാറിന് പരിഗണിക്കപ്പെട്ട സിനിമ ആമസോൺ പ്രൈം ഒ.ടി.ടി പ്ലാറ്റഫോമിലും റിലീസ് ചെയ്തു.
ഒരു ഘട്ടത്തിൽ വണ്ണിയർ സമുദായാംഗങ്ങൾ സൂര്യക്കെതിരെ ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. നടനെ ആക്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പാട്ടാളി മക്കൾ കക്ഷി നാഗപട്ടണം ജില്ലാ സെക്രട്ടറി സീതമല്ലി പഴനി സാമി പ്രഖ്യാപിച്ചതും ഒച്ചപ്പാടിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.