ജൈന ആചാര്യൻ വധക്കേസ്: അന്വേഷണത്തിന് സി.ഐ.ഡി
text_fieldsബംഗളൂരു: ചിക്കോടി ഹൊരെകോഡിയിലെ ജൈന മതാചാര്യൻ ശ്രീ കാമകുമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയ കേസ് സി.ഐ.ഡി വിഭാഗം അന്വേഷിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയും ജൈന സമുദായവും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ സി.ഐ.ഡിക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നിയമസഭക്കകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടിന് ഈ ആവശ്യം ഉന്നയിച്ച് കത്തും നൽകി. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും യഥാർഥ പ്രതികളെ പിടികൂടാനും കേസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ സംസ്ഥാന സർക്കാറിന് കത്തയച്ചിരുന്നു.
ഈ മാസം ആറിനാണ് ജൈന സന്യാസിയെ രണ്ടു പേർ ചേർന്ന് ആശ്രമത്തിൽ കയറി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ 35 കിലോമീറ്റർ സഞ്ചരിച്ച ശേഷം ചെറുകഷണങ്ങളാക്കി കുഴൽകിണറിൽ തള്ളിയത്.മുഖ്യപ്രതി മാലി ബസപ്പ, സഹായി ലോറി ഡ്രൈവർ ഹസ്സൻ എന്ന ഹസ്സൻ ദലായത്ത് എന്നിവർ അറസ്റ്റിലായിരുന്നു. ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. പ്രതികൾ ഇപ്പോൾ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.