മോദി ചരിത്രം ഉൾപ്പെടുത്തിയ ചോദ്യപേപ്പർ അബദ്ധപഞ്ചാംഗം
text_fieldsജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ പത്താം ക്ലാസിലെ ചോദ്യപേപ്പറിൽ ഖണ്ഡിക വായിച്ച് ഉത്തരമെഴുതാനുള്ള ഭാഗത്തിൽ നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം. മോദിയെ മഹത്വവൽക്കരിക്കാൻ നടത്തിയ ശ്രമം അബദ്ധങ്ങളിൽ കുടുങ്ങി പരിഹാസമായി. ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പറിൽ അക്ഷരതെറ്റുകളില്ലാത്ത ഒരു വരിപോലുമില്ല. രാജസ്ഥാൻ ബോർഡ് ഒാഫ് സെക്കൻഡറി എജ്യൂകേഷൻ സർക്കാർ സ്കൂളുകളിലെ പത്താം തരത്തിൽ നടത്തുന്ന അർധവാർഷിക പരീക്ഷയിലാണ് തെറ്റുകളുടെ പൂരം.
മോദിയുടെ ജീവിതം ചുരുക്കി വിവരിക്കുന്ന ഒരു ഖണ്ഡികയാണ് ഒന്നാമത്തെ ചോദ്യമായി നൽകിയിരിക്കുന്നത്. ഇൗ ഖണ്ഡിക വായിച്ച് ഒരു മാർക്കിന് ഉത്തരം നൽകേണ്ട ഏഴു ചോദ്യങ്ങൾ താഴെയുണ്ട്. അക്ഷരതെറ്റുകൾ മാത്രമല്ല, വാചകങ്ങളുടെ ഘടനയിലും വ്യാകരണത്തിലും അബദ്ധങ്ങളാണുള്ളത്. ഖണ്ഡികയിൽ മാത്രമല്ല, ചോദ്യങ്ങളിലും തെറ്റുകൾ ആവർത്തിക്കുന്നു.
മോദി സസ്യാഹാരിയാണെന്നും കഠിനാധ്വാനിയാണെന്നും ഗുജറാത്തി ഭാഷയിൽ കവിത എഴുതാറുണ്ടയിരുന്നുവെന്നും ഖണ്ഡികയിലുണ്ട്. മോദി ക്രൗഡ് പുള്ളളാറണെന്ന് പറയുന്നുണ്ട്. എന്നാൽ ക്രൗഡിെൻറ സ്പെല്ലിങ് Crowd എന്നതിനുപകരം ‘craod’, Speaker എന്ന വാക്കിന് ‘spoker’ എന്നിങ്ങനെ ചെറിയ വാക്കുകളിൽ പോലും തെറ്റുകളാണ്.
ചോദ്യങ്ങളുടെ ഘടന മുഴുവൻ തെറ്റാണ്. അദ്ദേഹം ഒരു കവിയാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എന്നാണ് ഒരു ചോദ്യം.
മോദി എട്ടാം വയസിൽ ആർ.എസ്.എസിൽ ചേർന്നുവെന്നും 17 ാം വയസിൽ വീടുവിട്ട് ആർ.എസ്.എസ് പ്രചാരകനായി മാറിയെന്നും പറയുന്നു. ചെറുപ്പത്തിൽ പിതാവിനെ ചായ വിൽക്കാൻ സഹായിച്ചതും ഉൾപ്പെടുത്തിയിരിക്കുന്നു. സാർക് നേതാക്കളെയെല്ലാം ക്ഷണിച്ചുകൊണ്ടായിരുന്നു മോദിയുടെ സ്ഥാനാരോഹണമെന്നും അത്തരമൊരു കാര്യം ആദ്യമായാണ് നടന്നതെന്നും ഖണ്ഡികയിലുണ്ട്. എന്നാൽ വ്യാകരണ പിശകും വാചക ഘടനയിലുള്ള തെറ്റുകളും മൂലം മനസിലാക്കിയെടുക്കാൻ പ്രയാസമാണ്. ‘‘his swearing-in was a “first of its kind’’. He invited all SAARC leaders” എന്നാണ് മോദിയുടെ സ്ഥാനാരോഹണത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.
മോദിയെകുറിച്ചുള്ള ചോദ്യഭാഗങ്ങളിൽ മാത്രമല്ല 70 മാർക്കിെൻറ ചോദ്യപേപ്പറിൽ ഒരോവരിയിലും അബദ്ധങ്ങളാണ്. എന്നാൽ പരീക്ഷ നടത്തിയത് രാജസ്ഥാൻ ബോർഡ് ഒാഫ് സെക്കൻഡറി എജ്യൂകേഷൻ അല്ലെന്നും അർധവാർഷിക പരീക്ഷ നടത്താറുള്ളത് ജില്ലാ വിദ്യാഭ്യാസ വിഭാഗം അധികൃതരാണെന്നും ചെയർമാൻ ബി.എൽ. ചൗധരി അറിയിച്ചു.
സംഭവത്തിൽ ചോദ്യപേപ്പർ തയാറാക്കിയ വിദഗ്ധ സമിതിയോട് വിശദീകരണം തേടുമെന്നും തെറ്റായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിച്ച വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകുമെന്നും ജില്ലാ വിദ്യാഭ്യാസ ഒാഫീസർ രത്തൻ സിങ് യാദവ് പറഞ്ഞു.
ബി.ജെ.പി അജണ്ട നടപ്പാക്കുന്നതിെൻറ ഭാഗമായാണ് മോദിയുടെ ജീവചരിത്രം പത്താംക്ലാസ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്കൂൾ കരിക്കുലം തന്നെ ബി.ജെ.പി പ്രചരണത്തിനു വേണ്ടി മാറ്റിയിരിക്കയാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സചിൻ പൈലറ്റ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.