‘മകനേ.. ഇതാണ് ജയ്പൂർ പൊലീസ്, റിലാക്സ്, ഞങ്ങൾ ഇവിടെയുണ്ട്,’ -വൈറലായി വിഡിയോ
text_fieldsജയ്പൂർ: ഒരു സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തി ജയ്പൂർ പൊലീസ്.
ക്രിമിനലുകൾ രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശിൽ ഹോട്ടൽമുറിയിൽ ഒളിപ്പിച്ചിരുന്ന അനൂജ് എന്ന യുവാവിനെയാണ് ജയ്പൂർ പൊലീസിലെ പ്രത്യക അന്വേഷണ സംഘം രക്ഷപ്പെടുത്തിയത്.
‘അനുജ്, എഴുന്നേൽക്കൂ മകനേ... ഇതാണ് ജയ്പൂർ പൊലീസ്, റിലാക്സ്, ഞങ്ങൾ ഇവിടെയുണ്ട്,’ എന്നു പറഞ്ഞുകൊണ്ടാണ് പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകടന്നത്. തന്റെ ജന്മദിനത്തിലാണ് ജയ്പൂർ പോലീസ് അനൂജിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ആഗസ്റ്റ് 18ന് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹർഗഡ് ഹില്ലിലേക്ക് വിനോദയാത്ര പോയതായിരുന്നു അനൂജ് എന്ന് പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. സമ്പന്ന കുടുംബത്തിൽ പെട്ടവനാണെന്ന് കരുതി യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സുഹൃത്തിനെ മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ജയ്പൂരിലെ ബ്രഹ്മപുരി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അനൂജിനെ കണ്ടെത്താനായില്ല.
പിന്നീട് തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ട് അനൂജിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. തുക ക്രമീകരിക്കാൻ വീട്ടുകാർ കുറച്ചു സമയം ആവശ്യപ്പെട്ടു. അതിനിടെ, പൊലീസ് ഫോൺ നമ്പർ പിന്തുടരുകയും തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടങ്ങുകയും ചെയ്തു.
ശേഷം പൊലീസ് ഹിമാചൽ പ്രദേശിലെ വിദൂര സ്ഥലത്തെ ഹോട്ടലിൽ നിന്ന് അനൂജിനെ രക്ഷപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ട സ്ത്രീയെയും നാല് പുരുഷന്മാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വീരേന്ദ്ര സിങ്, വിനോദ്, അമിത് കുമാർ, ജിതേന്ദ്ര ഭണ്ഡാരി, ജമുന സർക്കാർ എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.