'വരാൻ പോകുന്നതിന്‍റെ ട്രെയിലർ'; കപിൽ സിബലിന്‍റെ വിജയത്തിൽ അഭിനന്ദനവുമായി ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാജ്യത്ത് സംഭവിക്കാൻ പോകുന്ന മാറ്റത്തിന്‍റെ ട്രെയിലറാണ് സിബലിന്‍റെ വിജയമെന്ന് ജയ്റാം രമേശ് എക്സ് പോസ്റ്റിൽ പറഞ്ഞു.
'സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ, മതേതരത്വ, ലിബറൽ, പുരോഗമന ശക്തികൾക്ക് ഇതൊരു വൻ വിജയമാണ്. പുറത്തേക്ക് പോകാനിരിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ പറഞ്ഞാൽ, രാജ്യത്ത് ഉടൻ സംഭവിക്കാൻ പോകുന്ന മാറ്റത്തിന്‍റെ ട്രെയിലറാണിത്. നിയമരംഗത്ത് മോദി ഭരണകൂടത്തിന് ചെണ്ടകൊട്ടുന്നവരും അവരുടെ ചിയർലീഡർമാരും ഞെട്ടടെ' -ജയ്റാം രമേശ് പറഞ്ഞു.
1066 വോട്ട് നേടിയാണ് കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാണ് നേടാനായത്. നിലവിലെ പ്രസിഡന്‍റ് അദീഷ് സി. അഗർവാല 296 വോട്ട് നേടി.
50 വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപിൽ സിബൽ നാലാം തവണയാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റാകുന്നത്. 2001-2002, 1995-96, 1997-98 വർഷങ്ങളിലാണ് മുമ്പ് സിബൽ ബാർ അസോസിയേഷൻ പ്രസിഡന്റായത്. എസ്.പിയുടെ രാജ്യസഭാംഗമാണ്. കോൺഗ്രസിന്‍റെ സമുന്നത നേതാവായിരുന്ന സിബൽ പാർട്ടിയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് 2022 മേയിൽ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.