ജയ്റാം രമേശ് 24 മണിക്കൂറും കഥ മെനയുന്നയാൾ, ഉറങ്ങുന്നത് ലാപ്ടോപിനൊപ്പം; രൂക്ഷ വിമർശനവുമായി ഗുലാംനബി ആസാദ്
text_fieldsന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൽനിന്ന് രാജിവെച്ച ഗുലാം നബി ആസാദ്. ജയറാം രമേശ് പാർട്ടിയിൽ ആരുമല്ലെന്നും 'കഥകൾ നട്ടുപിടിപ്പിക്കുക' മാത്രമാണ് അദ്ദേഹത്തിന്റെ ജോലിയെന്നും അദ്ദേഹം ആരോപിച്ചു.
ആഗസ്റ്റ് 26ന് പാർട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് ആസാദ് രാജിവെച്ചതിന് പിന്നാലെ, 'ജി.എൻ.എയുടെ (ഗുലാം നബി ആസാദിന്റെ) ഡി.എൻ.എ 'മോഡി-ഫൈഡ്' ആണെന്ന പരിഹാസവുമായി ജയറാം രമേശ് ട്വിറ്ററിൽ രംഗത്തുവന്നിരുന്നു. ആസാദ് പാർട്ടിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നതായി സൂചന നൽകുന്നതായിരുന്നു ട്വീറ്റ്.
രമേശിന്റെ ട്വീറ്റിന് മറുപടിയായി ആസാദ് പറഞ്ഞു, "നേരത്തെ അദ്ദേഹം സർക്കാറിനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കഥകൾ നടാറുണ്ടായിരുന്നു. ഇപ്പോൾ, അദ്ദേഹം എനിക്കെതിരെ കഥകൾ നടുകയാണ്. നിരവധി വൃത്തികെട്ട കഥകൾ.
അദ്ദേഹം 24 മണിക്കൂറും കഥകൾ നട്ടുവളർത്തുന്നു. അന്നും ഇന്നും കഥകൾ മെനയുന്നതിൽ അദ്ദേഹം വളരെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ജോലി ഇതാണ്. അതിനാലാണ് അദ്ദേഹത്തെ മാധ്യമ വിഭാഗം തലവനാക്കിയത്'' -ഗുലാം നബി ആസാദ് എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആരോപിച്ചു.
ജയ്റാം രമേശിന്റെ യോഗ്യതകളെയും അദ്ദേഹം ചോദ്യം ചെയ്തു. ''അദ്ദേഹം ട്വീറ്റ് ചെയ്യുന്നതിൽ മാത്രം സമർഥനാണ്. അദ്ദേഹം ലാപ്ടോപ്പുമായി ഉറങ്ങുന്നു. കോൺഗ്രസ് പാർട്ടിയിലെ ബയോഡാറ്റ ആർക്കുമറിയില്ല. ഏത് സംസ്ഥാനത്താണ്, ഏത് ജില്ലയിൽ നിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ല. യൂത്ത് കോൺഗ്രസിലോ എൻ.എസ്.യു.ഐയിലോ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഈ ട്വീറ്റുകൾ ചെയ്യുമ്പോൾ, അദ്ദേഹം എം.പിയാകുന്നതും കാബിനറ്റ് മന്ത്രിയാകുന്നതും ഞങ്ങൾ കണ്ടു. മാധ്യമ പ്രവർത്തകർക്ക് കേൾക്കാൻ കഴിയുന്ന തരത്തിൽ ഫോൺ ഓൺ ചെയ്യുന്ന കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം" ആസാദ് പറഞ്ഞു.
വിവേചനരഹിതമായി അഭിമുഖങ്ങൾ നൽകുന്നതിലൂടെ ആസാദ് സ്വയം ചെറുതാവുകയാണെന്ന് ജയ്റാം രമേഷ് വിമർശനത്തോട് പ്രതികരിച്ചു. എന്തുകൊണ്ടാണ് ഈ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്നതെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു. അദ്ദേഹത്തെ എളുപ്പത്തിൽ തുറന്നുകാട്ടാൻ കഴിയും. എന്നാൽ, എന്തിന് അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് താഴുന്നു? രമേഷ് ട്വീറ്റിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.