'നോൺ ബയോളജിക്കൽ' പ്രധാനമന്ത്രി മോസ്കോയിലേക്ക് പോകുമ്പോൾ രാഹുൽ ഗാന്ധി അസമും മണിപ്പൂരും സന്ദർശിക്കുന്നു -ജയ്റാം രമേശ്
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോസ്കോ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. നോൺ ബയോളജിക്കൽ പ്രധാനമന്ത്രി മോസ്കോയിലേക്ക് പോകുമ്പോൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അസമും മണിപ്പൂരും സന്ദർശിക്കുകയാണ്. എന്നായിരുന്നു ജയ്റാം രമേശിന്റെ വിമർശനം. റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിവച്ചതായി അവകാശപ്പെട്ടിരുന്ന നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ വക്താക്കൾ ഈ മോസ്‌കോ യാത്രയിൽ കൂടുതൽ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട് എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സ്വന്തം രാജ്യത്തെ കലാപബാധിത സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ തയാറാകാതെ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതിനെതിരെയാണ് ജയ്റാം രമേശ് രംഗത്തുവന്നത്. തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്നും ജൈവികമായി ജനിച്ചതല്ലെന്നും മുമ്പ് നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ഇതാണ് ജയ്റാം രമേശ് മോദിയെ നോൺ ബയോളജിക്കൽ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കാൻ കാരണം.
കുറഞ്ഞ സമയം പോലും മണിപ്പൂരിൽ ചെലവഴിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും എന്നാൽ വിദേശപര്യടനത്തിനായി ദിവസങ്ങൾ മാറ്റിവെക്കാൻ സാധിക്കുന്നുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി അസമിലെ സിൽചാറിലെത്തിയത്. മണിപ്പൂരിലെ സാഹചര്യവും രാഹുൽ വിലയിരുത്തും. മണിപ്പൂരിന് വേണ്ടി മണിക്കൂറുകൾ പോലും മാറ്റിവെക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. സംസ്ഥാനത്തെ മുഖ്യമന്ത്രിയുമോയാ, മറ്റ് രാഷ്ട്രീയ നേതാക്കളുമായോ എന്തിന് എം.എൽ.എ, എം.പിമാരുമായോ പ്രധാനമന്ത്രി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച അസമിലെ ദുരിതാശ്വാസ ക്യാംപുകളിലെ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുൽ മണിപ്പൂരിലെ ഇംഫാലിലേക്കു തിരിച്ചത്. അസമിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം സമയം ചെലവഴിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തി. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ വടക്കുകിഴക്കൻ സന്ദര്‍ശനമാണിത്. കലാപം തുടങ്ങിയതിനു ശേഷം മൂന്നാംതവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.