ആർ.എസ്.എസിന്‍റെ ജനസംഖ്യാ വാദം പൊളിച്ചടുക്കി ജയറാം രമേശ്; ആർ.എസ്.എസ് താത്വികന്‍റെ ജനസംഖ്യ നിയന്ത്രണ ബിൽ പിൻവലിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ധനമന്ത്രിയും ആരോഗ്യ മന്ത്രിയും പുറത്തിറക്കിയ സാമ്പത്തിക സർവേയും ആരോഗ്യ സർവേ റിപ്പോർട്ടും വായിക്കാതെ ആർ.എസ്.എസ് താത്വികൻ രാകേഷ് സിൻഹ രാജ്യസഭയിൽ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണത്തിനുള്ള സ്വകാര്യ ബിൽ ജയറാം രമേശ് പൊളിച്ചടുക്കി. ഇന്ത്യയുടെ കുടുംബാസൂത്രണ പരിപാടി ലക്ഷ്യം കാണുന്നില്ലെന്ന കളവായ അനുമാനങ്ങളുമായി ജനസംഖ്യ ചർച്ച നടത്തുന്ന ആർ.എസ്.എസ് താത്വികനെ അതിരൂക്ഷമായി വിമർശിച്ച ജയറാം രമേശ് ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിട്ടല്ല ജനസംഖ്യാബോധവൽകരണം നടത്തേണ്ടതെന്ന് ബി.ജെ.പി അംഗങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.
സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിൽ നിന്നടക്കം വിമർശനമേറ്റുവാങ്ങിയ ബിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മറുപടിക്ക് ശേഷം സിൻഹ വോട്ടിനിടാതെ പിൻവലിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സർവേ വെളിപ്പെടുത്തുന്നത് ഇന്ത്യ ഇതിനകം തന്നെ സന്താനോൽപാദനം ചുരുക്കുന്ന കാര്യത്തിൽ ലക്ഷ്യം നേടിയിട്ടുണ്ട് എന്നാണ്. അവശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ 2025ൽ ലക്ഷ്യത്തിലെത്താൻ പോകുകയാണ്. ജനസംഖ്യ നിയന്ത്രണത്തിലെത്താൻ ഇനിയുമേറെ കാലം എടുക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം ബിഹാർ ആണ്. അതും 2028ൽ ലക്ഷ്യത്തിലെത്തും.
1988ൽ കേരളമായിരുന്നു സന്താനോൽപാദന നിരക്കിൽ ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം. 1993ൽ തമിഴ്നാട് രണ്ടാം സംസ്ഥാനമായി. ഇന്നത്തെ അവസ്ഥ സിൻഹ അവതരിപ്പിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് എന്നും ജനസംഖ്യയിൽ മറ്റു പ്രശ്നങ്ങളാണ് ഇന്ത്യ അനുഭവിക്കുന്നത് എന്നും ജയറാം തുടർന്നു.
ഇന്ത്യൻ ജനസംഖ്യയിൽ പ്രായമേറിയവർ കൂടുന്നതാണ് ഒന്നാമത്തെ പ്രശ്നം. 2011ൽ കേവലം എട്ടു ശതമാനം മാത്രമായിരുന്നു 60 വയസിന് മുകളിലുള്ള ഇന്ത്യക്കാർ. 2040ൽ കേരളത്തിലെ 28 ശതമാനം പേർ 60 വയസിന് മുകളിലുള്ളവരായി മാറും. ഇന്ത്യയൊട്ടുക്കും ഇത് 16 ശതമാനമാകും.
ഉത്തരേന്ത്യയിൽ ജനസംഖ്യ കൂടുന്നതും ദക്ഷിണേന്ത്യയിൽ കുറയുന്നതുമാണ് രണ്ടാമത്തെ പ്രശ്നം. 2030ാടെ ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ എന്നീ ആറ് സംസ്ഥാനങ്ങൾ ചേർന്നാൽ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 60ശതമാനം ആകും. എല്ലാം ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഇന്ത്യയിൽ ജനപ്രാതിനിധ്യത്തിന് എന്തു സംഭവിക്കുമെന്ന് ജയറാം രമേശ് ചോദിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതും നീതി ആയോഗും ധനകമീഷനും എല്ലാം പദ്ധതികൾ നടപ്പാക്കുന്നതും ജനസംഖ്യാടിസ്ഥാനത്തിലാണ്.
കുടുംബാസൂത്രണത്തിൽ ഇന്ത്യക്ക് വഴി കാണിച്ച കേരളത്തെയും തമിഴ്നാടിയെും കർണാടകയെയും ആന്ധ്രപ്രദേശിനെയും മഹാരാഷ്ട്രയെയും പഞ്ചാബിനെയും ശിക്ഷിക്കരുത്. ഈ സംസ്ഥാനങ്ങൾക്കാണ് ഇന്ന് എം.പിമാരും വിഭവങ്ങളും നികുതി വിഹിതവും ഏറ്റവും കുറവുള്ളത്. പ്രായമേറിയ സ്ത്രീകൾ പുരുഷന്മാരുടേതിനേക്കാൾ കൂടുന്നതാണ് മൂന്നാമത്തെ പ്രശ്നം. 10 ശതമാനത്തോളം സ്ത്രീകൾ ഒറ്റക്ക് ജീവിക്കേണ്ടി വരുന്നത് അവരുടെ സാമൂഹിക സുരക്ഷക്ക് തന്നെ ഭീഷണിയാകുമെന്നും ജയറാം രമേശ് ഓർമിപ്പിച്ചു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2019ലെ സാമ്പത്തിക സർവേ പോലും ഒരാവർത്തി വായിക്കാതെയാണ് ഇത്തരമൊരു ബില്ലുമായി രാകേഷ് സിൻഹ വന്നിരിക്കുന്നതെന്ന് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് കുറ്റപ്പെടുത്തി. '2024ൽ ഇന്ത്യയുടെ ജനസംഖ്യ' എന്ന പ്രസ്തുത സാമ്പത്തിക സർവേയിലെ ഒമ്പതാം അധ്യായം സിൻഹ മാത്രമല്ല മുഴുവൻ എം.പിമാരും ഒരാവർത്തി വായിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. രാജ്യത്തെ കുടുംബാസൂത്രണത്തിന്‍റെ നിലവിലുള്ള ചിത്രം അത് നൽകുന്നുണ്ട്.
1975ലെ അടിയന്തിരാവസ്ഥക്കാലം ഒഴിച്ചുനിർത്തിയാൽ ഇന്ത്യയുടെ കുടുംബാസൂത്രണം ജനാധിപത്യമാർഗങ്ങളിലായിരുന്നുവെന്ന് ജയറാം ഓർമിപ്പിച്ചു. ചൈനീസ് മാതൃക പിന്തുടരാതെയാണ് ഇന്ത്യ ലക്ഷ്യം നേടുന്നത്. 1979ൽ ഒരു കുഞ്ഞ് മതിയെന്ന് നിയമം കൊണ്ടുവന്ന ചൈന ഇന്നിപ്പോൾ ഓരോ കുടുംബത്തിലും മൂന്ന് കുഞ്ഞുങ്ങൾ വേണമെന്ന നിയമം നടപ്പാക്കുകയാണ്. ഒരു രാജ്യത്തിന്‍റെ മൊത്തം സന്താനോൽപാദന നിരക്ക് 2:1 ആയാൽ രണ്ട് തലമുറ (ഏകദേശം 50 വർഷം) കഴിഞ്ഞാൽ ജനസംഖ്യ മാറ്റമില്ലാതെ തുടരുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യും. 2030ാടെ കേരളവും ആന്ധ്രവും തെലങ്കാനയും ജനസംഖ്യയിൽ സ്ഥിരത നേടുമെന്ന് മാത്രമല്ല, തുടർന്നങ്ങോട്ട് ജനസംഖ്യ കുറഞ്ഞും തുടങ്ങും. ഇതാണ് ഇന്ത്യയുടെ യാഥാർഥ്യം.
ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനക്കാരായിട്ടും ജനാധിപത്യ മാർഗങ്ങളിലുടെ സൃഷ്ടിച്ച കുടുംബാസൂത്രണത്തിന്‍റെ വിജഗാഥയാണ് ഇന്ത്യയിലേത്. 1967 മാർച്ചിൽ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രഥമ കുടുംബാസൂത്രണ മന്ത്രി ഡോ. സീതാപതി ചന്ദ്രശേഖറിലുടെ തുടങ്ങിയ പദ്ധതികളാണിത്. നാം രണ്ട് നമുക്ക് രണ്ട്, നിരോധ്, ഹിന്ദുസ്ഥാൻ ലാറ്റക്സ് തുടങ്ങിയവക്കെല്ലാം ബീജാവാപം നൽകിയ സീതാപതി കടുത്ത രാഷ്ട്രീയ എതിർപ്പാണ് നേരിട്ടത്. അതിനാൽ കുടുംബാസൂത്രണത്തിന്‍റെ പേരിൽ ഇനിയും വിമർശിക്കരുതെന്നും ലക്ഷ്യം നേടിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.