ബഹിരാകാശത്തേക്കല്ല, മോദി ആദ്യം പോകേണ്ടത് മണിപ്പൂരിലേക്ക് - ജയറാം രമേശ്
text_fieldsന്യൂഡൽഹി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ 'ഗഗന്‍യാന്‍' യാഥാർത്ഥ്യമായാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിരാകാശത്തേക്കയക്കാമെന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ഐർ.ഒ) തലവൻ എസ്. സോമനാഥിന്‍റെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി ബഹിരാകാശത്തേക്കല്ല ആദ്യം പോകേണ്ടത് മണിപ്പൂരിലേക്കാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എക്സിൽ മോദിയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്‍റെ ട്വീറ്റ്.
ഒരു വർഷത്തിലേറെയായി പ്രതിഷേധം ആളിക്കത്തിയിട്ടും മണിപ്പൂരിനെ കുറിച്ച് പരാമർശിക്കാത്ത പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ മൗനം വെടിഞ്ഞത്. മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ തന്റെ സർക്കാർ നിരന്തര പരിശ്രമത്തിലാണെന്ന് പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ രാജ്യസഭയിൽ പ്രധാനമന്ത്രി ബുധനാഴ്ച വ്യക്തമാക്കി. അതേസമയം, മണിപ്പൂർ ഇനിയും സന്ദർശിക്കാത്തതിനെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചു. പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പൂരിലെ കോൺഗ്രസ് എം.പിയും നടത്തിയ ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ലോക്സഭയിൽ മണിപ്പൂരിന് നീതിചോദിച്ച് പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി മൗനം വെടിഞ്ഞത്.
അടുത്തിടെ എൻ.ഡി.ടി.വിയിൽ നടന്ന ചർച്ചക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിരാകാശത്തേക്ക് അയക്കാൻ സന്തോഷമേയുള്ളൂവെന്ന ഐ.എസ്.ഐർ.ഒ തലവൻ എസ്. സോമനാഥിനൻറെ പരാമർശം. ഗഗന്‍യാന്‍ യാഥാര്‍ഥ്യമായാല്‍ മോദിയെ കൊണ്ടുപോകാമെന്നും അത്തരമൊരു ഘട്ടമെത്തിയാല്‍ രാഷ്ട്രത്തലവന്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കു പറക്കണം. അതു നമ്മുടെ പേടകത്തിലും നമ്മുടെ മണ്ണില്‍നിന്നുമാകണം. ഗഗന്‍യാന്‍ അതിനു സജ്ജമാകാന്‍ കാത്തിരിക്കുകയാണെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഗഗന്‍യാന്റെ ആദ്യ യാത്രയ്ക്കുള്ള സംഘത്തെ നേരത്തെ മോദി പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ ഭാഗമായ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുബാന്‍ഷു ശുക്ല എന്നിവരാണു പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.