‘അൽപത്തരവും പ്രതികാരവും, അതിന്‍റെ പേരാണ് മോദി’; നെഹ്റു സ്മാരക മ്യൂസിയത്തിന്‍റെ പേര് മാറ്റുന്നതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള നെഹ്‌റു സ്‌മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻ.എം.എം.എൽ) പേര് മാറ്റുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്.
എൻ.എം.എം.എൽ ഒരു ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും ചരിത്രരേഖകളുടെയും നിധി കേന്ദ്രവുമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മ്യൂസിയത്തിന്‍റെ പേരിൽനിന്ന് നെഹ്റു എന്നത് ഒഴിവാക്കി എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ നീക്കം. ‘അൽപത്തരവും പ്രതികാരവും, അതിന്‍റെ പേരാണ് മോദി’യെന്ന് ജയറാം രമേശ് ട്വിറ്ററിലെ കുറിപ്പിൽ പരിഹസിച്ചു.
‘നെഹ്‌റു സ്‌മാരക മ്യൂസിയം ആൻഡ് ലൈബ്രറി കഴിഞ്ഞ 59 വർഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും ചരിത്രരേഖകളുടെയും നിധി കേന്ദ്രവുമാണ്. ഇനി മുതൽ ഇത് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ആധുനിക ഇന്ത്യയുടെ ശിൽപിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും മിസ്റ്റർ മോദി എന്തും ചെയ്യും. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യൻ സ്വയം പ്രഖ്യാപിത വിശ്വഗുരു ആണ്’ -ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ചേർന്ന എൻ.എം.എം.എൽ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാൻ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്‍റ് കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ജവഹർലാൽ നെഹ്റുവിന്റെ യശസ്സ് കുറക്കുന്നതിനു ബി.ജെ.പി സർക്കാർ മനപ്പൂർവം നടത്തുന്ന നീക്കമാണിതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.