ബാലാകോട്ടിലെ പരിശീലന കേന്ദ്രം ഇന്ത്യൻ ആക്രമണത്തിൽ തകർന്നെന്ന് സമ്മതിച്ച് ജയ്ശെ മുഹമ്മദ്
text_fieldsന്യൂഡൽഹി: ബാലാകോട്ടിലെ തങ്ങളുടെ പഠനകേന്ദ്രം ‘തഅ്ലീമുൽ ഖുർആൻ’ ഇന്ത്യൻ വ്യോമസേന ആക്രമിച്ചതായി ജയ്ശെ മുഹമ്മദ് ആദ്യമായി അംഗീകരിച്ചതായി റിപ്പോർട്ട്. ജയ്ശ് മേധാവി മസ്ഉൗദ് അസ്ഹറിെൻറ സഹോദരൻ മൗലാന അമ്മാർ ആണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ ആക്രമണത്തിന് പ്രതികാരം ചെയ്യാൻ കൂടുതൽ ചാവേറുകൾ ജമ്മു-കശ്മീരിലെത്തുമെന്നും ഒാഡിയോ ടേപ്പിൽ ഇയാൾ ഭീഷണി മുഴക്കിയതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യ യുദ്ധപ്രഖ്യാപനം നടത്തിയെന്നാണ് ഇതിൽ പറയുന്നത്. ‘കശ്മീർ ജിഹാദികളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലാണ് അവർ ബോംബിട്ടത്. അതിനാൽ ജിഹാദ് വീണ്ടും ആരംഭിക്കും’.
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറിയ പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നടപടിയെ അമ്മാർ വിമർശിച്ചു. മുെമ്പാരു നിയാസി (എ.എ.കെ. നിയാസി) ഉണ്ടായിരുന്നു. അയാൾ രാജ്യത്തിെൻറ പകുതിയും 90,000 പട്ടാളക്കാരെയും നൽകിയെന്ന് ബംഗ്ലാദേശ് വിമോചനത്തെ പരാമർശിച്ച് ടേപ്പിൽ പറയുന്നുണ്ട്. പുതിയ നിയാസി (ഇംറാൻ) പൈലറ്റിനെ തിരിച്ചു നൽകിയതുവഴി ശത്രുവിനു മുന്നിൽ കീഴടങ്ങി. ഇന്ത്യൻ ആക്രമണം ജയ്ശിന് കനത്ത ആഘാതമായി എന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളാണ് ടേപ്പിലുള്ളത്.
ഫെബ്രുവരി 26ന് നടന്ന ഇന്ത്യൻ വ്യോമാക്രമണത്തിൽ അമ്മാറും മസ്ഉൗദ് അസ്ഹറിെൻറ അടുത്ത ബന്ധു യൂസുഫ് അസ്ഹറും കൊല്ലപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. ജബ കുന്നിന് മുകളിലുള്ള പഠനകേന്ദ്രം നടത്തുന്നത് യൂസുഫ് അസ്ഹർ ആണത്രേ. ഇസ്ലാമാബാദിന് 100 കി.മീറ്ററോളം അകലെയാണിത്.
അഫ്ഗാനിലെയും കശ്മീരിലെയും ജയ്ശ് പ്രവർത്തനങ്ങളുടെ ചുമതല അമ്മാറിനാണെന്നും പറയുന്നു. ഇതിനുമുമ്പ് 2018 ഡിസംബറിലാണ് ഇയാളുടെ ശബ്ദം ലോകം കേട്ടത്. അന്ന്, ഇന്ത്യക്കും യു.എസിനുമെതിരായ ആക്രമണം തുടരുമെന്ന് ഇയാൾ പറഞ്ഞിരുന്നു.
ബാലാകോെട്ട പ്രഹരത്തിന് തെളിവുണ്ട് –സേന
ന്യൂഡൽഹി: ബാലാകോട്ട് മിറാഷ് വിമാനങ്ങൾ നടത്തിയ പ്രഹരത്തിൽ ജയ്ശെ മുഹമ്മദ് ഭീകര കേന്ദ്രം തകർത്തതിന് മതിയായ തെളിവുണ്ടെന്ന് പ്രതിരോധ സേന. ഭീകര കേന്ദ്രം തകർത്തുവെന്നും ഒേട്ടറെ പേർ കൊല്ലപ്പെെട്ടന്നുമുള്ള ഇന്ത്യയുടെ വാദം ശരിയല്ലെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണം. ജബടോപ് കുന്നിലെ ഭീകര കേന്ദ്രം തകർക്കാൻ മിറാഷ് വിമാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ഉപഗ്രഹ ചിത്രങ്ങളെടുക്കുന്ന ചില സ്വതന്ത്ര ഏജൻസികളും സംശയം പ്രകടിപ്പിച്ചിരുന്നു.
റഡാർ ചിത്രങ്ങൾ തെളിവായി ഉണ്ടെന്നാണ് സേന കേന്ദ്രങ്ങൾ അനൗദ്യോഗികമായി പറയുന്നത്. ലക്ഷ്യമിട്ട കേന്ദ്രങ്ങൾ തകർത്തിട്ടുണ്ട്. ഇൗ റഡാർ തെളിവുകൾ പുറത്തുവിടണമോ എന്നു തീരുമാനിക്കേണ്ടത് സർക്കാറാണ്. ആ പ്രദേശത്തെ കേടുപാട് മാറ്റാൻ പാകിസ്താൻ വേഗത്തിൽ പ്രവർത്തിച്ചെന്ന വിശദീകരണവും ബന്ധപ്പെട്ടവർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.