പുൽവാമ: പാകിസ്താനിൽ നിന്ന് ബാങ്ക് വഴി വന്നത് 10 ലക്ഷം; വാനിനും സ്ഫോടക വസ്തുക്കൾക്കുമായി ഭീകരർ ചെലവഴിച്ചത് 5.7 ലക്ഷം
text_fields
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ അർദ്ധസൈനിക വിഭാഗത്തിന് നേരെ ചാവേർ ആക്രമണം നടത്താൻ പാകിസ്താനിൽ നിന്നും ബാങ്ക് വഴി കൈമാറിയത് 10 ലക്ഷം രൂപയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ജെയ്ശെ തലവൻ മസൂദ് അസറിെൻറ അനന്തരവന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖിെൻറ അക്കൗണ്ടിലേക്കാണ് അഞ്ചു തവണയായി പണം അയച്ചിട്ടുള്ളത്.
ആക്രമണം നടത്താനുപയോഗിച്ച വാനിനും സ്ഫോടക വസ്തുക്കൾക്കുമായി തീവ്രവാദികൾ ചെലവഴിച്ചത് 5.7 ലക്ഷം രൂപയാണെന്നും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
മുഹമ്മദ് ഉമർ ഫാറൂഖിെൻറ രണ്ട് അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ അഞ്ച് ഗഡുക്കളായി പാകിസ്താനിൽ നിന്നും 10 ലക്ഷം രൂപ എത്തി. അലൈഡ് ബാങ്കിലെയും മീസാൻ ബാങ്കിലെയും അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
ഈ അക്കൗണ്ടുകളിലേക്ക് ഫണ്ട് അയക്കാൻ ഉമർ ഫാറൂഖ് ജെയ്ശെ കമാൻഡറായ റൗഫ് അസ്ഗർ ആൽവിയോടും അമ്മർ ആൽവിയോടും ആവശ്യപ്പെടുന്നതിെൻറ രേഖകൾ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളിൽ ബാങ്ക് പോലുള്ള സംവിധാനം ഒഴിവാക്കാൻ തീവ്രവാദികൾ ഹവാല റൂട്ട് ഉപയോഗിച്ചിരിക്കാമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 1.85 ലക്ഷം രൂപ നൽകിയാണ് സ്ഫോടനത്തിന് ഉപയോഗിച്ച മാരുതി ഈക്കോ വാൻ വാങ്ങിയിട്ടുള്ളത്. ഇതിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്നതിന് വേണ്ടി 35,000 രൂപ ചെലവഴിച്ച് അറ്റകുറ്റപണികൾ നടത്തി.
രണ്ട് ഐ.ഇ.ഡികൾ നിർമിക്കുന്നതിന് 35,000 രൂപ നൽകി ഓൺലൈൻ വഴി അലുമിനിയം വാങ്ങി. ഇത്തരത്തിൽ സ്ഫോടകവസ്തുക്കളെല്ലാം വാങ്ങുന്നതിന് 2.25 ലക്ഷം രൂപ ചെലവഴിച്ചു. പ്രതി വൈറുൽ ഇസ്ലാമിെൻറ ശ്രീനഗറിലെ വീട്ടിൽ നിന്നും നാലു കിലോ അലുമിനിയം തീവ്രവാദികൾക്ക് കൈമാറിയിട്ടുണ്ട്.
2018-19 ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ജെയ്ശെ തീവ്രവാദികൾ ഉപയോഗിച്ച ചില റൂട്ടുകളെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
ജമ്മുവിലെ സാംബ സെക്ടറിൽ നിന്ന് കശ്മീരിലേക്ക് തീവ്രവാദികളെ കൊണ്ടുപോകാൻ സഹായിച്ചതായി പ്രതികളിലൊരാളായ ഇക്ബാൽ വെളിപ്പെടുത്തിയിരുന്നു. നാലോ അഞ്ചോ തവണ തീവ്രവാദികളെ സഹായിച്ചു. ഓരോ ബാച്ചിലും അഞ്ച് പേരാണുണ്ടായിരുന്നതെന്നും ഇക്ബാൽ മൊഴിനൽകിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഉമർ ഫാറൂഖിനെ ഇക്ബാൽ തിരിച്ചറിഞ്ഞതായും എൻ.ഐ.എ പറയുന്നു. ഇക്ബാൽ ഫാറൂഖിനെ കശ്മീർ താഴ്വരയിലെ അഷ്വാഖ് നെൻഗ്രോയുടെ വീട്ടിൽ താമസിപ്പിച്ചു. പിടിപെടാതിരിക്കാൻ ഇയാൾ ഒളിത്താവളങ്ങൾ മാറികൊണ്ടിരുന്നു. ഉമർ ഫാറൂഖിനെ സഹായിച്ച അഷാഖ് നെൻഗ്രോ ഇപ്പോൾ ഒളിവിലാണെന്നും ഇയാൾ പാകിസ്താനിലെ ജെയ്ശെ താവളത്തിലാണെന്ന് സംശയിക്കുന്നതായും എൻ.ഐ.എ പറയുന്നു.
പുൽവാമ ആക്രമണം ആസൂത്രണം ചെയ്ത ജെയ്ശെ ഭീകരർ അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കണ്ടെത്തുന്നതിന് എൻ.ഐ.എ അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻെറ (എഫ്.ബി.ഐ) സഹായം തേടുകയാണുണ്ടായത്. ഇതിൽ നിന്നും സന്ദേശങ്ങൾ പാകിസ്താനിലേക്കായിരുന്നെന്ന് കണ്ടെത്തി.
ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശ്രീനഗർ വിമാനത്താവളത്തിലെ സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കാൻ റൗഫ് അസ്ഗർ ആൽവിയും അമർ ആൽവിയും ശ്രമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.