ട്രംപിനെ ‘അമേരിക്കൻ ദേശീയവാദി’ എന്ന് വിശേഷിപ്പിച്ച് ജയശങ്കർ; ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുമെന്ന്
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ‘അമേരിക്കൻ ദേശീയവാദി’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഡൽഹി യൂനിവേഴ്‌സിറ്റിയിലെ ഹൻസ്‌രാജ് കോളജിൽ നടന്ന ഇന്ററാക്ടീവ് സെഷനിൽ സംസാരിച്ച ജയശങ്കർ, ശക്തമായ ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധത്തിന് ഊന്നൽ നൽകുകയും ചെയ്തു.
ട്രംപ് ഇന്ത്യയുടെ സുഹൃത്താണോ ശത്രുവാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ജയശങ്കർ ഇതു പറഞ്ഞത്. ‘ഞാൻ അടുത്തിടെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഞങ്ങൾക്ക് അവിടെ നല്ല പരിഗണന ലഭിച്ചു. അദ്ദേഹം ഒരു അമേരിക്കൻ ദേശീയവാദിയാണെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു വാക്കുകൾ.
ട്രംപിന്റെ നയങ്ങൾ ആഗോള നയതന്ത്രത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. ഇന്ത്യയുടെ വിദേശ നയം ദേശീയ താൽപര്യത്തിനനുസരിച്ച് നയിക്കപ്പെടും. ‘അതെ, ട്രംപ് ഒരുപാട് കാര്യങ്ങൾ മാറ്റും. ചില കാര്യങ്ങൾ സിലബസിന് പുറത്തായിരിക്കാം. പക്ഷെ, രാജ്യതാൽപര്യം കണക്കിലെടുത്ത് നങ്ങൾ വിദേശ നയങ്ങൾ സിലബസിന് പുറത്തും നടത്തും. നമ്മൾ തമ്മിൽ വ്യത്യാസമുള്ള ചില വിഷയങ്ങളുണ്ട്. പക്ഷേ, കാര്യങ്ങൾ നമ്മുടെ കോർട്ടിൽ ആയിരിക്കുന്ന നിരവധി മേഖലകൾ ഉണ്ടാകും - അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധവും ജയശങ്കർ ഊന്നിപ്പറഞ്ഞു. ‘യു.എസുമായുള്ള നമ്മുടെ ബന്ധം ശക്തമാണ്. മോദിക്ക് ട്രംപുമായി വ്യക്തിപരമായ നല്ല ബന്ധമുണ്ട്’.
അക്കാദമിയിൽ നിന്നും നയതന്ത്രത്തിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ജയശങ്കർ പങ്കിട്ടു. ‘ഞാൻ ഒരു ബ്യൂറോക്രാറ്റാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ രാഷ്ട്രീയ പ്രവേശനം ആകസ്മികമായി സംഭവിച്ചതാണ്. അല്ലെങ്കിൽ അതിനെ ഭാഗ്യമെന്ന് വിളിക്കുക. അല്ലെങ്കിൽ ‘മോദി’ എന്ന് വിളിക്കുക. കാരണം, അനിഷേധ്യമാംവിധം മോദി തന്നെ പിന്തുടർന്നുവെന്നും ജയശങ്കർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.