നയതന്ത്ര സംഘർഷത്തിനിടെ ഇന്ത്യ-കാനഡ വിദേശകാര്യ മന്ത്രിമാരുടെ രഹസ്യ ചർച്ച
text_fieldsന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര ഉരസലുകൾക്കിടയിൽ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ രഹസ്യമായ പിന്നാമ്പുറ ചർച്ച നടത്തിയതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാഷിങ്ടൺ യാത്രക്കിടയിൽ കഴിഞ്ഞ മാസാവസാനം കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി സംഭാഷണം നടത്തിയെന്ന് ബ്രിട്ടൻ കേന്ദ്രമായുള്ള ഫിനാൻഷ്യൽ ടൈംസ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു രാജ്യങ്ങളും ഇത് നിഷേധിച്ചിട്ടില്ല.
ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ്സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രകടിപ്പിച്ചതോടെയാണ് രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധം മോശമായത്. ഇന്ത്യയിലെ കനേഡിയൻ എംബസിയിൽ നിന്ന് 40ഓളം നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. രണ്ടിടത്തെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാകാം, ഈ നിർദേശം നടപ്പാക്കിയിട്ടില്ല.
നയതന്ത്ര സംഘർഷം തുടരുന്നതിനിടയിൽ, പി 20 പാർലമെന്റ് അധ്യക്ഷന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനം കനേഡിയൻ സ്പീക്കർ മാറ്റി. എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കനേഡിയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടക്കുമ്പോൾ എല്ലാ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവരുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല കഴിഞ്ഞയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം വർധിപ്പിച്ചു. ഡൽഹി പൊലീസ് നൽകുന്ന ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു ഇതുവരെ. സി.ആർ.പി.എഫിന്റെ 15 സായുധ കമാൻഡോകൾ നൽകുന്ന ‘സെഡ്’ സുരക്ഷയാണ് ഇനി നൽകുക. അമിത് ഷാ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 176 പേർക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.